ഇരിങ്ങാലക്കുട: ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലും സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള ബസ്സുകളാണ് കൂടുതലും ട്രിപ്പുകള്‍ മുടക്കുന്നത്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ച വരികയും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. ട്രിപ്പുകള്‍ മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യോഗം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഞായറാഴ്ചപോലും ബസ്സുകള്‍ കുറവായിരുന്നെന്ന് യാത്രക്കാര്‍ ആരോപിച്ചു. അവധി ദിവസങ്ങളില്‍ ഗ്രാമീണ മേഖലയിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കുന്നതുമൂലം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഓട്ടോ അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നേരത്തെ ട്രിപ്പുകള്‍ മുടക്കുന്നതിനെതിരെ താലൂക്ക് ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷന് നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
ഗ്രാമീണ മേഖലകളിലേയ്ക്ക് കെ.എസ്.ആര്.ടി.സി ബസ്സുകള്‍ അനുവദിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുമെന്നാണ് യാത്രക്കാരുടെ വിശ്വാസം. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് കിഴുത്താണി അദ്ധ്യക്ഷനായിരുന്നു. എം കെ മോഹനന് , പി കെ ഗോപാലകൃഷ്ണന് , പി രവീന്ദ്രന് , ഇ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: