തൊടുപുഴ: കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച കര്‍ഷകന് സംസ്ഥാനത്തെ മികച്ച ഭുമി പരിപാലക കര്‍ഷകനുള്ള അവാര്‍ഡ്. കരിങ്കുന്നം വടക്കേക്കര വി.കെ ചാണ്ടിക്കാണ് കൃഷിവകുപ്പിന്റെ പുരസ്‌കാരം. പുറപ്പുഴ പഞ്ചായത്തിലെ മലമ്പ്രദേശമായ കൊടികുത്തിയില്‍ മൂന്നേക്കര്‍ സ്ഥലത്താണ് ചാണ്ടി മണ്ണ് സംരക്ഷണത്തിന്റെ മാതൃക തീര്‍ത്തിരിക്കുന്നത്. ചെരിഞ്ഞ ഭൂപ്രദേശം കല്ല് കയ്യാല കെട്ടി തട്ടുകളാക്കി. 200ഓളം കയ്യാലകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്ത് ജലം പാഴാകുന്നത് തടയാന്‍ സ്ഥലത്ത് ആയിരത്തോളം മഴക്കുഴികളും തീര്‍ത്തു. മൂന്നേക്കറില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് റബര്‍ കൃഷിയാണ്. ശേഷിക്കുന്ന ഒന്നരയേക്കറില്‍ ഭക്ഷ്യവിളകളാണ് കൃഷി ചെയ്യുന്നത്. സാധാരണ കൃഷിയിടങ്ങളില്‍ കാണാത്ത വൈവിധ്യമുണ്ട് വിളകള്‍ക്ക്. വാഴകള്‍ വിവിധയിനങ്ങളുണ്ട്. ഏത്തവാഴ, സ്വര്‍ണമുഖി വാഴ, പാളയന്തോടന്‍, ഞാലിപ്പൂവന്‍, പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, ചെങ്കദളി എന്നിങ്ങനെ പോകുന്ന വഴകളുടെ വൈവിധ്യം. കപ്പ, ചെറുകിഴങ്ങ്, നനകിഴങ്ങ്, ചേന, മാട്ടുകാച്ചില്‍, അടുതാപ്പ് കാച്ചില്‍, നൈജീരിയന്‍ കാച്ചില്‍ തുടങ്ങിയവയാണ് കിഴങ്ങിനങ്ങള്‍. നാടന്‍ പശുവിനെ വളര്‍ത്തിയിരുന്നപ്പോള്‍ അതിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജീവാമൃതമുണ്ടാക്കി കൃഷിയിടത്തില്‍ മുഴുവന്‍ ഒഴിച്ചിരുന്നു. കരിങ്കുന്നത്തെ പത്ത് സെന്റില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ചാണ്ടി. മട്ടുപ്പാവും പച്ചക്കറികളാല്‍ സമൃദ്ധം. കൊടികുത്തിയിലെ കൃഷിയിടത്തില്‍ വിളയുന്ന കിഴങ്ങിനങ്ങളും വാഴക്കുലകളും വീട്ട് തൊടിയിലെ പച്ചക്കറികളും കരിങ്കുന്നത്ത് വഴിയോരച്ചന്തയില്‍ ചാണ്ടി നേരിട്ടാണ് വില്‍ക്കുന്നത്. വീടിനടുത്തുള്ള ഇടയാടിയിലെ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചയ്‌ക്ക് ചോറിനൊപ്പം നല്‍കാനുള്ള കറികള്‍ക്ക് പച്ചക്കറി നല്‍കുന്നതും ചാണ്ടിയാണ്. ജെസിയാണ് ഭാര്യ. എകമകള്‍ ജിന്റോമോള്‍.
















