കുമളി : ഏലത്തോട്ടം മേഖലയില്‍ തൊഴില്‍ ഇല്ലാതായതോടെ ഈ രംഗത്ത് പണിയെടുക്കുന്ന ആയിരകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം തങ്ങളെ ദാരിദ്ര്യത്തിലാക്കിയതായി തൊഴിലാളികള്‍ പറയുന്നു. കുടുംബത്തിലെ പുരുഷനും സ്ത്രീയും ഏലം തോട്ട മേഖലയില്‍ ജോലിചെയ്യുന്ന വീടുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പണം പലിശക്ക് വാങ്ങേണ്ടിവന്ന ദുരിതാവസ്ഥയിലാണ് തങ്ങളെന്ന് സ്ത്രീ തൊഴിലാളികള്‍ കണ്ണീരോടെ പറയുന്നു. ഈ അവസ്ഥയില്‍ പോലും തങ്ങളുടെ ജീവിത സാഹചര്യമെന്താണെന്ന് യൂണിയന്‍ നേതാക്കള്‍ അന്വേഷിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു .തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക്
പല രീതിയില്‍ വര്‍ഷങ്ങളായി കയ്യടക്കിയിരുന്നവര്‍ ദാരിദ്ര്യത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞതായി അവര്‍ പറയുന്നു. നാലുമാസക്കാലം നീണ്ടു നിന്ന വരള്‍ച്ചയ്‌ക്ക് ശേഷം ജൂണ്‍ മാസം മുതല്‍ ലഭിക്കേണ്ട കാല വര്‍ഷം ഗണ്യമായി കുറഞ്ഞതോടെ ഏലം കൃഷി നാശത്തിലായി. ചെറുകിട കര്‍ഷകര്‍ക്ക് പോലും ഈ സീസണില്‍ കാര്യമായ വരുമാനം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്. വരുമാനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കൃഷി നിലനിര്‍ത്താന്‍ ആവശ്യമായ പണികള്‍ മാത്രമാണ് ഇപ്പോള്‍ തോട്ടങ്ങളില്‍ നടക്കുന്നത്. ഏലം വിളവെടുപ്പ് കാര്യമായ രീതിയില്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് ഉടമകള്‍ പറയുന്നത്.സാധാരണ മെയ് മാസം അവസാനിക്കുന്നതോടെ ഏലം തോട്ടങ്ങളില്‍ കാര്‍ഷിക ജോലികള്‍ ആരംഭിക്കുക പതിവാണ്. അതോടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ധാരാളം ജോലി ലഭിക്കുമായിരുന്നു. നാട്ടുകാരായ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ആയിരകണക്കിന് തൊഴിലാളികളാണ് ദിവസവും സ്ത്രീ പുരുഷ ഭേദമെന്യേ ജില്ലയില്‍ എത്തിയിരുന്നത്. മൂവായിരത്തോളം ചെറുവാഹനങ്ങള്‍ അതിര്‍ത്തി കടന്നു ദിവസവും തൊഴിലാളികളുമായി ജില്ലയില്‍ എത്തിയിരുന്നു. ഇത് കൂടാതെയാണ് ബംഗാള്‍, ആസാം, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകള്‍ ഇവിടെ താമസിച്ചു ജോലി ചെയ്യുന്നത്. ഇക്കൂട്ടരുടെ കടന്നു വരവും നാട്ടുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ കാരണമായി.
വന്‍കിട തോട്ടങ്ങളുടെ ലയങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടി നാട്ടുകാരെ ബോധപൂര്‍വം ഒഴിവാക്കുന്ന തോട്ടം ഉടമകളും കുറവല്ല. ഏലം തോട്ട തൊഴിലാളികളുടെ പട്ടിണി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കാതെ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സൗജന്യ റേഷന്‍ ഉള്‍പ്പെടെ അനുവദിക്കണമെന്നാണ് തൊഴിലാളികള്‍ അവശ്യപ്പെടുന്നത്.
















