സ്വന്തം ലേഖകന്‍
ബാലുശ്ശേരി: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ബാലുശ്ശേരി മാതൃകയാകുന്നു. ബാലുശ്ശേരി പോലീസ് സര്‍ക്കിള്‍ പരിധിയില്‍ നടന്ന മനുഷ്യചങ്ങലയില്‍ കണ്ണികളായത് പതിനായിരങ്ങള്‍. ഓപ്പറേഷന്‍ മുക്തിയുടെ ഭാഗമായി ജനമൈത്രി പോലീസ്- ലഹരി വിരുദ്ധ ജനകീയകൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് മനുഷ്യമതില്‍ തീര്‍ത്തത്. സംസ്ഥാനപാതയില്‍ പൂനൂര്‍ മുതല്‍ ഉള്ളിയേരി വരേയും ജില്ലാ മേജര്‍ റോഡില്‍ ബാലുശ്ശേരി മുക്ക് മുതല്‍ നന്മണ്ട പന്ത്രണ്ടാം മൈല്‍ വളവ് വരേയും ചങ്ങലതീര്‍ത്തു. ചേളന്നൂര്‍, ചീക്കിലോട്, കൊളത്തൂര്‍, വാളന്നൂര്‍,കൂട്ടാലിട, കണ്ണാടിപ്പൊയില്‍, കോട്ടൂര്‍,നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപചങ്ങലയും തീര്‍ത്തു. ആബാലവൃദ്ധം ജനങ്ങള്‍ ചങ്ങലയില്‍ കണ്ണികളായി. ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ, അക്ഷയശ്രീ, ജനശ്രീ,ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, പോലീസ്- എക്‌സൈസ് അധികാരികള്‍ എന്നിങ്ങനെ ഒരു ലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാലുശ്ശേരി ടൗണില്‍ നടന്ന പൊതുപരിപാടി എംഎല്‍എ പുരുഷന്‍കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ. മോഹനന്‍മാസ്റ്റര്‍, ഭരതന്‍പുത്തൂര്‍വട്ടം, കോ- ഓഡിനേറ്റര്‍ പ്രദീപന്‍മാസ്റ്റര്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ. ഗോപിനാഥന്‍മാസ്റ്റര്‍, വി.എം കുട്ടികൃഷ്ണന്‍, സി. രാജന്‍ മാസ്റ്റര്‍, പി.പി രവി, കെ.കെ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ബാലുശ്ശേരി സി.ഐ കെ. സുഷീര്‍ നേതൃത്വം നല്‍കി. നന്മണ്ടയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു അധ്യക്ഷതവഹിച്ചു. ടി അനൂപ്കുമാര്‍, ജയന്‍ നന്മണ്ട, എന്‍.കെ രാമന്‍കുട്ടിമാസ്റ്റര്‍, പി ബാലക്കുറുപ്പ് മാസ്റ്റര്‍, കെ.കെ മനാഫ്, കെ ശിവരാമന്‍, ഒ.പി വാസു, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
നന്മണ്ട: ജനമൈത്രി പോലീസും ജനകീയ ലഹരിവിരുദ്ധ കൂട്ടായ്‌മയും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂള്‍ കുട്ടികളും കണ്ണികളായി. നന്മണ്ട 12 മുതല്‍ ബാലുശ്ശേരി മുക്കുവരെ നീണ്ട ചങ്ങലയില്‍ നന്മണ്ട 14ലാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ യെടുത്തു.
















