കെ.ഉണ്ണികൃഷ്ണന്
ഇരിങ്ങാലക്കുട : കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ ഇരിങ്ങാലക്കുട നഗരസഭ ഭരണം പ്രതിസന്ധിയിലേക്ക്. 2 കേരള കോണ്‍ഗ്രസ് അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇടതിനും യുഡിഎഫിനും 19 അംഗങ്ങള്‍ വീതമാണുള്ളത്. 3 ബിജെപി അംഗങ്ങളും ഉണ്ട്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിനു ഭരണസാരഥ്യം ലഭിച്ചത്. ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. കേരളാ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഇരിങ്ങാലക്കുട നഗരസഭാ ഭരണം കോണ്‍ഗ്രസ് സ്വയം വേണ്ടന്ന് വയ്ക്കാന്‍ നീക്കം. ഇരിങ്ങാലക്കുട നഗരസഭയില്‍ 19 സീറ്റ് വീതമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ലഭിച്ചത്.
ഇതില്‍ 17 കോണ്‍ഗ്രസ്സും രണ്ടു കേരളാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിലെ ഒരു വനിത അംഗത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിട്ടതോടെ നഗരസഭയിലെ രണ്ടു കേരളാ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നതിനുമുമ്പ് നഗരസഭ ഭരണത്തില്‍ നിന്ന് രാജിവെക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതായി അറിയുന്നു. ഇപ്പോഴത്തെ ഭരണം കോണ്‍ഗ്രസിന് സമൂഹ മദ്ധ്യത്തില്‍ ഇപ്പോള്‍ തന്നെ മോശം പ്രതിഛായയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഉള്‍ത്തിരിഞ്ഞ സാഹചര്യം മുതലെടുക്കാനാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് പിന്തുണ നഗരസഭയില്‍ വേണ്ടെന്നു പറയുന്നതിലൂടെ കോണ്‍ഗ്രസിന് രാഷ്ട്രീയ ലാഭമുണ്ടാക്കാനും ഇപ്പോള്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇരിങ്ങാലക്കുട യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രകടനം ഇതിനു തെളിവാണ്. കേരള കോണ്‍ഗ്രസ് പിന്തുണ പിന്വലിക്കുന്നതിനുമുമ്പായി നഗരസഭാ ഭരണം കോണ്‍ഗ്രസ് സ്വയം വേണ്ടന്ന് വെച്ച് മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: