വടക്കാഞ്ചേരി: വാടകക്കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരുകുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച മിനി സിവില്സ്റ്റേഷന് നോക്കുകുത്തിയാകുന്നു.
തലപ്പിള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വടക്കാഞ്ചേരിയിലെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ഇന്ന് പല ആവശ്യങ്ങള്‍ക്കുമായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഇതിനായി ദിവസങ്ങള്‍തന്നെ മാറ്റിവെക്കേണ്ടിവരുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പതിനാറോളം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമായി ഒരു മിനി സിവില്സ്റ്റേഷന് നിര്‍മ്മിക്കുക എന്ന ലക്ഷ്യം ഉണ്ടായതും അതിനനുസൃതമായി അതിന്റെ പണി പൂര്‍ത്തീകരിച്ചതും.
എന്നാല്‍ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടസമുച്ചയം ഇപ്പോള്‍ ഒരു നോക്കുകുത്തിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഉദ്ഘാടന മാമാങ്കം നടന്നെങ്കിലും നാമമാത്രമായ ഓഫീസുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് രൂപ വാടകയായി നല്കി മിക്ക സര്‍ക്കാര്‍ ഓഫീസുകളും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മിനി സിവില്‍സ്റ്റേഷനിലേക്ക് ഇവ മാറ്റുന്നതിനെസംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. അധികൃതരുടെ അനാസ്ഥയോടൊപ്പം ഇതിന്റെ ബുദ്ധിമുട്ട് സാധാരണക്കാരായ ജനങ്ങളാണ് അനുഭവിക്കുന്നത്. ജില്ലക്ക് പുതിയ മന്ത്രിസഭ വന്നശേഷം മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിയാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.ഓഫീസുകളില്‍ അനുവദിച്ച മുറികള്‍ക്ക് വേണ്ടത്രസ്ഥലം ലഭ്യമല്ലെന്നാണ് ഇപ്പോള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ ഇവ മിനിസിവില്‍സ്റ്റേഷനിലേക്ക് മാറ്റിയാല്‍ ജനങ്ങള്‍തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: