പനമരം : പനമരം ഗ്രാമപഞ്ചായത്ത്നടപ്പാക്കുന്ന സമഗ്ര നെല്‍ക്കൃഷി വികസനപദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലുള്ള തരിശുഭൂമിയിലെ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് വിത്ത് വിതച്ച് ഉദ്ഘാടനംചെയ്തു.
കുടുംബശ്രീ സിഡിഎസ് നടത്തിയ സര്‍വ്വെ പ്രകാരം പനമരം ഗ്രാമപഞ്ചായത്തില്‍ 97ഏക്കര്‍ വയല്‍ തരിശായി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി കൃഷിഭവന്റെസഹായത്തോടെ തരിശുഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ജെഎല്‍ജികള്‍ക്കും നെല്‍ക്കൃഷി ചെയ്യുന്നതിനായി നിര്‍ദ്ദേശം ന ല്കി. പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചാണ് കൊയിലേരി അനശ്വര കുടുംബശ്രീയിലെ 20അംഗങ്ങള്‍ 2.50 ഏക്കര്‍ തരിശു ഭൂമി കണ്ടെത്തി നെല്ക്കൃഷിക്കിറങ്ങിയത്.
പനമരം കൃഷി ഓഫീസര്‍ ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗം മാര്ട്ടിന് എന്നിവരുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ ദിവസങ്ങള്‍ക്കകം തരിശുനിലം കൃഷിയോഗ്യമായി. കൃഷിവകുപ്പും കുടുംബശ്രീയും ഗ്രാമപഞ്ചായത്തും വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ആനുകൂല്യവും നല്‍കും.
പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ് അനശ്വര കുടുംബശ്രീയിലുള്ളത്. കനറാ ബാങ്കില്‍ നിന്നും 1.50ലക്ഷം രൂപ ലോണെടുത്താണ് തരിശുഭൂമിയില്‍ പൊന്നുവിളയിക്കാനൊരുങ്ങുന്നത്.
കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ജയചന്ദ്രന് കെ.പി, അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.എ ഹാരിസ്, പനമരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാര്ട്ടിന്, കെ.വി സുരേന്ദ്രന്, ലിസി പത്രോസ്, കൃഷി ഓഫീസര്‍ ജയരാജ്, അസി. കൃഷി ഓഫീസര്‍ ശ്രീജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധാ വേലായുധന്, എ.ഡി.എസ് ഭാരവാഹികളായ ശാന്ത, ആസ്യ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: