ഏലപ്പാറ: ഏലപ്പാറ മാര്‍ക്കറ്റ് റോഡിലെ ഓടയ്‌ക്ക് സ്ലാബില്ലാത്തത് ദുരിതമാകുന്നു. നാളുകളായി ഈ ഓട സ്ലാബില്ലാതെ നിലനില്‍ക്കുകയാണ്. മാര്‍ക്കറ്റിലെത്തുന്ന നിരവധിപ്പേര്‍ക്കാണ് ഈ ഓടയില്‍ വീണ് പരിക്കേറ്റിരിക്കുന്നത്. വാഹനങ്ങള്‍ക്കും ഓടയില്‍ വീണ് കേട് സംഭവിച്ചിട്ടുണ്ട്. ഏലപ്പാറ സ്‌കൂളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. തുറസ്സായ ഓടയില്‍ നിന്ന് വരുന്ന ദുഷിച്ച ഗന്ധം അസഹനീയമാണ്. ഓടയ്‌ക്ക് സ്ലാബിടുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. സ്ലാബുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
















