ഒറ്റപ്പാലം: നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു. സമീപകാലത്ത് പ്രദേശത്ത് ഇടയ്ക്കിടെയുണ്ടാകുന്ന മോഷണങ്ങള്‍ പൊതുജനങ്ങളുടെയും പോലീസിന്റെയും ഉറക്കംകെടുത്തുകയാണ്.
കഴിഞ്ഞദിവസം കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിത്തുറന്നു മോഷണം. വിഗ്രഹത്തിന്റെ നെറ്റിയില്‍ ചാര്‍ത്തുന്ന ഒരു പവനോളം തൂക്കമുളള സ്വര്‍ണ തിലകവും ചന്ദ്രക്കലയും വെള്ളിമാലയുമാണു മോഷ്ടിക്കപ്പെട്ടത്.ക്ഷേത്രത്തിനു മുന്നിലെയും ശ്രീകോവിലിനു സമീപത്തെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. രണ്ടുവീതം പൂട്ടുകളുള്ള ഭണ്ഡാരങ്ങളിലെ ഓരോ പൂട്ടുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ സ്റ്റീല്‍ അലമാരയും കുത്തിത്തുറന്നിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് നഗരത്തില്‍ സംസ്ഥാനപാതയ്ക്കരികിലുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്പനശാലയില്നിന്ന് 61,000 രൂപയും 5000 രൂപയുടെ മദ്യവും കവര്‍ന്നത്. മദ്യവില്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗോഡൗണിനോടുചേര്ന്ന ചുവരിലെ എയര്ഹോള് വലുതാക്കിയായിരുന്നു മോഷണം.
ഇതിന്റെ അന്വേഷണം എങ്ങുമെത്താതിരിക്കുന്നതിനിടയ്ക്കാണ് കണ്ണിയംപുറം ഊട്ടുപുര ഗണപതിക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. ക്ഷേത്രത്തിന്റെ മുന്‍വാതിലും ശ്രീകോവിലിന്റെ വാതിലും ഭണ്ഡാരവും പൊളിക്കാന്‍ ശ്രമം നടന്നു.
നഗരത്തില്‍ സുന്ദരയ്യര്റോഡിന് സമീപത്തെ സ്വകാര്യ മെഡിക്കല്ലാബിലും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മോഷണശ്രമം നടന്നിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി. ടി.വി.യില്‍ പതിഞ്ഞിരുന്നെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
വാണിയംകുളം, അനങ്ങനടി മേഖലകളിലും കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മോഷണപരമ്പര അരങ്ങേറിയിരുന്നു. അനങ്ങനടിയില്‍ കിടപ്പുമുറിയുടെ ജനലിലൂടെ യുവതിയുടെ സ്വര്‍ണമാല കവരുകയും വാണിയംകുളത്ത് രണ്ടാഴ്ചമുമ്പ് പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും പണവും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: