ചാവക്കാട്: ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ചരിത്രപ്രസിദ്ധമായ ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു.രാവിലെ ഒമ്പതിന് ആരംഭിച്ച ചടങ്ങിന് മേല്‍ശാന്തി ശിവാനന്ദന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലെ ഇല്ലം നിറ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തില്‍ വെച്ചുള്ള ഗണപതിപൂജയോടെയാണ് ഇല്ലം നിറ ആരംഭിച്ചത്. ഇല്ലി,നെല്ലി, അത്തി, ഇത്തി,അരയാല്‍,പേരാല്‍ എന്നിവയുടെ ഇലകള്‍ മണ്ഡപത്തില്‍ സമര്‍പ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിച്ചു. ഇതിനുശേഷം ക്ഷേത്ര ഗോപുരത്തില്‍ നാക്കിലയില്‍ തയ്യാറാക്കി വച്ചിരുന്ന നെല്‍കതിര്‍കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി ചെയ്തു. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ഭക്തജനങ്ങളുടെയും അകന്പടിയോടെ മേല്‍ശാന്തിയും കീഴ്ശാന്തിയും കതിര് കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്ര മതില്‍ക്കകത്ത് പ്രദക്ഷിണം വെച്ച് ചുറ്റന്പലത്തിനകത്തേക്ക് പ്രവേശിച്ചു. ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ചെയ്ത് കതിര്‍ക്കറ്റകള്‍ നമസ്കാര മണ്ഡപത്തില്‍ ഇറക്കി എഴുന്നെള്ളിച്ച് ലക്ഷ്മീപൂജ പൂര്‍ത്തിയാക്കിയ ശേഷം ശ്രീകോവിലില്‍ ശാസ്താവിന് സമര്‍പ്പിച്ചു. പൂജിച്ച കതിരുകള്‍ നിലവിളക്കിന്റേയും നിറപ്പറയുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും സ്ഥാപിച്ചു.
പറപ്പൂര്: പ്രസിദ്ധ അഷ്ടവൈദ്യകുടുംബമായ പറപ്പൂര് മൂസ്സിന്റെ ഉടമസ്ഥതയിലുള്ള ധന്വന്തരി ക്ഷേത്രത്തില്‍ ഇല്ലംനിറയും തൃപ്പുത്തരിയും ആഘോഷിച്ചു. വാദ്യമേളങ്ങളുടേയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലേക്ക് ആനയിച്ച് വലിയമ്പലത്തില്‍ ഭഗവതിക്ക് പ്രത്യേകം പൂജിച്ചശേഷം നെല്ക്കതിര് വിതരണം ചെയ്തു. പുത്തരിഊട്ടും ഉണ്ടായിരുന്നു. പെരുവനം സതീശന്‍മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം, നെല്ലിക്കുന്ന് ശ്രീധന്വന്തരി ഭജനസംഘം അവതരിപ്പിച്ച ഭജന തുടങ്ങിയവയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: