മാനന്തവാടി : അപകടം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആദിവാസി യുവാവിന് നഷ്ടപരിഹാരം ലഭിച്ചില്ല. ചുണ്ടക്കുന്ന് കോളനിയിലെ വികലാംഗനായ മണിക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്. മണി ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
2014 ജൂലൈ 16നാണ് മണിക്ക് അപകടം സംഭവിച്ചത്. മാനന്തവാടി ബസ് സ്റ്റാന്റില്‍ ലോട്ടറി വില്‍പ്പന നടത്തുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് മണിയുടെ ദേഹത്ത് കയറിഇറങ്ങുകയായിരുന്നു. ഒന്നരമാസം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മാനന്തവാടിയിലെ ആയുര്‍വേദ കേന്ദ്രത്തിലും ചികിത്സ ചെയ്തു. ഇപ്പോള്‍ ദേഹത്ത് വേദന ഉണ്ടെങ്കിലും കുടുംബം പോറ്റാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഊന്നുവടിയുടെ ബലത്തില്‍ ലോട്ടറി വില്‍പ്പന തുടരുകയാണ് മണി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് മണിയുടെ പരാതി. എന്നാല്‍ അധികൃതരോട് ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്കൊന്നുമറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
തുടര്‍ ചികിത്സ ആവശ്യമാണെന്നിരിക്കെ തുച്ഛമായ തുക കൊണ്ട് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പാടുപെടുകയാണ് മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: