തൃശൂര്‍: പൂങ്കുന്നം ജംഗ്ഷന് വികസനചര്‍ച്ച തീരുമാനമില്ലാതെ പിരിഞ്ഞു. ജംഗ്ഷന് വികസനത്തിന് ഫ്ളൈ ഓവര്‍ ഉള്‍പ്പെടെ വിപുലമായ വികസനപദ്ധതി കോര്പ്പറേഷന് തയ്യാറാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു. ജംഗ്ഷന് വികസനത്തിന് ധനലക്ഷ്മി ബാങ്ക് വക സ്ഥലം ലഭ്യമാക്കുന്നതിന് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഡെപ്യുട്ടി മേയര്‍ വ്യക്തമാക്കി.
അന്ന് ഏറ്റെടുത്ത സ്ഥലത്തിന്റെ വില നിശ്ചയിച്ചു നല്‍കുന്നതും, വാടക വ്യാപാരികള്‍ക്കു പുനരധിവാസം നല്‍കുന്നതും മാത്രമായിരുന്നു പ്രധാന ചര്‍ച്ച. മൂന്ന് മാസത്തിനകം പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ പുതിയ കെട്ടിടം പണിതു പുനരധിവാസം നല്‍കാമെന്ന് ഒരു വര്‍ഷം മുമ്പ് മേയറുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കണമെന്ന് വാടകക്കാര്‍ ശക്തിയായി ആവശ്യപ്പെട്ടുവെങ്കിലും പടിഞ്ഞാറെകോട്ടയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ തല്കാലം കോര്പ്പറേഷന് പദ്ധതിയില്ലാത്തതിനാല്‍ പുനരധിവാസ കരാര്‍ നടപ്പാക്കുന്നതില്‍ കോര്പ്പറേഷന് അധികൃതര്‍ക്കും മറുപടിയുണ്ടായില്ല.
പൂങ്കുന്നം ജംഗ്ഷന്റെ തെക്കുപടിഞ്ഞാറെ ഭാഗത്ത് ആറുസെന്റ് സ്ഥലവും വടക്ക് പടിഞ്ഞാറ് ഭാഗത്ത് 12 സെന്റ് സ്ഥലവും ഏറ്റെടുത്തിരുന്നു. ജില്ലാകളക്ടര്‍ വില നിശ്ചയിച്ചു നല്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയില്ല.
കൗണ്‍സില്‍ അംഗീകരിച്ച റിങ്ങ് റോഡ് ഡി.ടി.പി സ്കീം അനുസരിച്ച് വടക്കുഭാഗത്ത് ഒരു സെന്റ ഭൂമിയേ വികസനത്തിന് ആവശ്യമുള്ളൂവെങ്കിലും 12 സെന്റ് സ്ഥലം, സ്ഥലത്തെ 7 വാടകക്കാരുടെ പുനരധിവാസ ബാധ്യത ഉള്‍പ്പെടെ കോര്പ്പറേഷന് ഏറ്റെടുത്തത് ദുരൂഹമാണ്. മാത്രമല്ല കോര്‍പ്പറേഷന്റെ പദ്ധതി 20 മറ്റര്‍ റോഡ് വികസനമാണെങ്കിലും, 22 മീറ്റര്‍ വീതിയില്‍ റോഡ്-ജംഗ്ഷന് വികസനത്തിന് പൊതുമരാമത്തുവകുപ്പും ഏതാനും വര്‍ഷമായി സ്ഥലമെടുപ്പ് നടപടികളിലാണ്. സര്‍ക്കാര്‍ ചിലവില്‍ ജംഗ്ഷന് വികസനം സാധ്യമാക്കാമായിരുന്നുവെന്നിരിക്കേ കോര്പ്പറേഷന് ബാധ്യത അനാവശ്യമായി ഏറ്റെടുക്കുകയായിരുന്നു.
പൂങ്കുന്നം സ്കൂളില്‍ വിളിച്ചുകൂട്ടിയ യോഗം മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. ആസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് എം.ആര്.റോസിലി, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, പൂര്‍ണ്ണിമ സുരേഷ്, ലളിതാംബിക, ടൗണ്‍ പ്ലാനര്‍ എം.വി.രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: