തൃശൂര്‍: റോഡ് വികസനത്തിനായി നീക്കിവെച്ച സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച അമല ആശുപത്രിക്കെതിരെയുള്ള പരാതിയില്‍ ലോകായുക്ത റിപ്പോര്‍ട്ട് തേടി. അനധികൃത കയ്യേറ്റം ഉണ്ടോയെന്നും എങ്കില്‍ എന്തുകൊണ്ട് ഒഴിപ്പിച്ചില്ലെന്നുമാണ് ലോകായുക്ത കളക്ടറോട് ചോദിച്ചിട്ടുള്ളത്. ലോകായുക്ത ജഡ്ജ് പയസ് സി.കുര്യാക്കോസ് ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന് എന്നിവരടങ്ങിട ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്. ഹിന്ദു ഐക്യവേദി തൃശൂര്‍ താലൂക്ക് സെക്രട്ടറി എം.വി.മണി നല്കിയ പരാതിയിന്മേലാണ് ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പുഴയ്ക്കല്‍ വില്ലേജ് റീസര്‍വെ 16ല്‍പ്പെട്ട അമ്പത് സെന്റ് സ്ഥലമാണ് കാന്‍സര്‍ ആശുപത്രി സൊസൈറ്റി കയ്യേറി കൈവശം വച്ചിട്ടുള്ളത്. അമല കാന്‍സര്‍ ആശുപത്രി സര്‍ക്കാരില്‍ നിന്നും 17 ഏക്കര്‍ ഭൂമി പാട്ടമായി കൈവശം വെച്ചിരുന്നു. ഇതില്‍ സെന്റ് ഒന്നിന് പതിനായിരം രൂപ നിരക്കില്‍ ഒരുകോടി അറുപത് ലക്ഷം രൂപക്ക് 16 ഏക്കര്‍ ഭൂമി സൊസൈറ്റിക്ക് പതിച്ച് നല്കുവാനും ഉത്തരവായിരുന്നു. ഇതില്‍ അമല-മുള്ളൂര്‍ കായല്‍ പൊതുമരാമത്ത് റോഡിന്റെ നിലവിലെ വീതി 13 മീറ്ററില്‍ നിന്നും 30ആക്കി മാറ്റുമ്പോള്‍ ആ സ്ഥലം പൊതുമരാമത്ത് വകുപ്പ് മാറ്റിവെച്ചിരുന്നു. അമ്പത് സെന്റ് ഭൂമിയാണ് ഇത്തരത്തില്‍ ഒഴിവാക്കിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് കയ്യേറി പാര്‍ക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. പരാതിക്കാരന് വേണ്ടി അഡ്വ. പി.കെ.സുരേഷ്ബാബു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: