തൃശൂര്‍: ചെമ്പൂക്കാവില്‍ വഴിയരികിലെ ഓടയില്‍ വീണ കാളയെ ഫയര്‍ഫോഴ്സും നാട്ടുകാരും ഡിവിഷന് കൗണ്‍സിലറും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെമ്പൂക്കാവ്-ചേറൂര് റോഡിലെ ഓടയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കോര്പ്പറേഷന് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാളകളിലൊന്ന് വീണത്. കാലുകള്‍ മുകളിലേക്കായ നിലയില്‍ ഇടുങ്ങിയ ഓടയില്‍ വീണതില്‍ കാളയ്ക്ക് എഴുന്നേല്ക്കാന് കഴിഞ്ഞില്ല.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ വീട്ടമ്മ വിവരം ഡിവിഷന് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെ അറിയിക്കുകയായിരുന്നു. ഉടനെ കൗണ്‍സിലര്‍ സ്ഥലത്തെത്തി ഫയര്‍ഫോഴ്സിനെയും വിളിച്ചു വരുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം ശ്രമിച്ച് പുറത്തെടുക്കുമ്പോഴേക്കും കാള അവശ നിലയിലായിരുന്നു. കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാളയ്ക്ക് വെള്ളം കൊടുത്തു. വലിയ വീഴ്ചയാണ് വീണതെങ്കിലും കാളയുടെ പരിക്കുകള്‍ പ്രശ്നമുള്ളതല്ലെന്ന് പിന്നീട് സ്ഥലത്തെത്തി പരിശോധിച്ച വെറ്ററിനറി ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ പറഞ്ഞു. ഗ്ലൂക്കോസും കയറ്റിയതോടെ ഉഷാറായ കാള പിന്നീട് നഗരത്തിലേക്കു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: