വണ്ടന്‍മേട്: മോഷണ ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് മുറിയില്‍ കുടുങ്ങി. കളവെട്ട് യന്ത്രവുമായി കടന്ന സുഹൃത്ത് പിന്നീട് പോലീസ് പിടിയിലായി. ചക്കുപള്ളം സുല്‍ത്താന്‍കട ഇല്ലിക്കുളം എസ്റ്റേറ്റ് ലയം സ്വദേശി ലക്ഷ്മിഭവനില്‍ രാമ(32), പാമ്പുപാറ ചിറ്റാടുംപാറ പാറയ്‌ക്കല്‍ ശിവാനന്ദന്‍(26) എന്നിവരാണ് പിടിയിലായത്. ബുധനാഴ്‌ച്ച രാത്രിയാണ് ഇല്ലിക്കുളം എസ്റ്റേറ്റ് ലയത്തിലെ ആയുധപ്പുരയില്‍ മോഷണം നടക്കുന്നത്. ഓട് പൊളിച്ച് ഉള്ളില്‍ കയറിയ മോഷ്ടാക്കളിലൊരാള്‍ മദ്യലഹരിയില്‍ മുറിക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രാമയാണ് മുറിയില്‍ കിടന്ന് ഉറങ്ങിപ്പോയത്. ഒപ്പം എത്തിയ ശിവാനന്ദന്‍ 30000 രൂപ വിലവരുന്ന കളവെട്ട് യന്ത്രം മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. രാവിലെ എത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താനും സുഹൃത്തും മുറിയില്‍ മോഷണത്തിനായി കയറിയതാണെന്നും മോഷണ മുതലുമായി അയാള്‍ കടന്നുകളഞ്ഞെന്നും രാമ മൊഴി നല്‍കി. താന്‍ മദ്യലഹരിയില്‍ മയങ്ങി പോകുകയായിരുന്നു. ഇത് വകവയ്‌ക്കാതെ ശിവാന്ദന്‍ കടന്ന് കളഞ്ഞു. രാവിലെ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും രാമ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചക്കുപള്ളത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും കളവെട്ട് യന്ത്രം കണ്ടെത്തി. ഇവിടുത്തെ തൊഴിലാളിയാണ് ശിവാനന്ദന്‍. വണ്ടന്‍മേട് എസ്‌ഐ കെ വി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. എസ്റ്റേറ്റിന്റെ മാനേജര്‍ സണ്ണി ജോണിന്റെ പരാതിയിലാണ് അറസ്റ്റ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
















