കാഞ്ഞങ്ങാട്: തകര്‍ന്നുകൊണ്ടിരിക്കുന്ന ഹൊസ്ദൂര്‍ഗ് കോട്ട സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ കോഴിക്കോട് നിന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനെത്തി കോട്ടയില്‍ പരിശോധന നടത്തി. കാഞ്ഞങ്ങാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തിലകക്കുറിയായിരുന്ന ഹൊസ്ദൂര്‍ഗ് കോട്ട ഇന്ന് അധികാരികളുടെ അലസതമൂലം വെറും ചരിത്രമായി മാത്രം മാറുകയാണെന്നും വര്‍ഷം തോറും കോട്ടയുടെ ഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കാണിച്ച് ജന്മഭൂമി വാര്‍ത്ത ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും കോട്ട സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പിന് കത്തയച്ചിരുന്നു.
ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തിയ കോഴിക്കോട് പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസി.കെ.പി.സദു കോട്ടയില്‍ പരിശോധന നടത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള കോട്ടയുടെ ചുറ്റുമതില്‍ വലിയ രീതിയിലുള്ള നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടക്കകത്തും പുറത്തുമായി മാലിന്യങ്ങള്‍ കുന്നുകുടിയിരിക്കുന്നതായും പരിശോധനയില്‍ കണ്ടതായി കെ.പി.സദു പറഞ്ഞു. വിവരങ്ങള്‍ വകുപ്പ് ഡയരക്ടര്‍ക്ക് കൈമാറും. കോട്ടയിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കാനുളള നടപടി സ്വീകരിക്കും. തുടര്‍ന്ന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഹൊസ്ദൂര്‍ഗ് കോട്ട നവീകരണ സംരക്ഷണ സമിതി രൂപീകരിച്ച് പൈതൃക സ്മാരകമാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.മൈമൂന, അദ്ധ്യാപകന് സുകുമാരന്‍ പെരിയച്ചൂര്‍, പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള, ബിനു.പി.പി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. കോട്ട നവീകരിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പൈതൃക മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: