പാലക്കാട്: കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. അട്ടപ്പാടി മുക്കാലിക്കു സമീപം കരുവാര ഊരിനു സമീപത്തെ ഫാമില്‍ ആറംഗസംഘത്തെ കണ്ടതായി ആദിവാസികള്‍ പോലീസിന് മൊഴിനല്‍കി. ആറംഗസംഘത്തില്‍ മൂന്നുവനിതകളും മൂന്നു പുരുഷന്മാരുമാണ്. പോലീസ് ഫോട്ടോ കാണിച്ചതിനെ തുടര്‍ന്ന് ഇതില്‍ മൂന്നുപേരെ ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഭ, സുന്ദരി, വേലുമുരുകന്‍ എന്നീ മാവോയിസ്റ്റുകളെയാണ് തിരിച്ചറിഞ്ഞിട്ടുളളത്. കഴിഞ്ഞാഴ്ചയും കരുവാര ഊരില്‍ മാവോയിസ്റ്റുകള്‍ വന്നുപോയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് പതിനൊന്നുപേരുണ്ടായിരുന്നു. ഇടയ്ക്കിടെയുളള മാവോയിസ്റ്റ് സാന്നിധ്യം അധികാരികളിലും ജനങ്ങളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സ്ത്രീകളുള്‍പ്പെട്ട സായൂധസംഘം എത്തിയതെന്ന് പറയപ്പെടുന്നു. ഇവര്‍ ഇവിടെ യോഗം ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഊരിലെ മിക്ക ആദിവാസികളും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് അറിയുന്നത്.
തൊട്ടടുത്ത ഫാമിലുളളവരെയും വിളിച്ചുവരുത്തി. രാത്രി എട്ടരേയാടെ എത്തിയ സംഘം ആദിവാസികളുമൊത്ത് ഭക്ഷണം കഴിക്കുകയും അട്ടപ്പാടിയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഫാം ഭൂമി ആദിവാസികള്ക്കുളളതാണ് അതു സര്‍ക്കാരിന്റെ കീഴില്‍ ഇനിയും തുടരുന്നത് ശരിയല്ലെന്ന് സംഘാംഗങ്ങള്‍ പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കാത്ത സംഭവത്തില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്നാണ് അവര്‍ ആദിവാസികളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: