വരന്തരപ്പിള്ളി: ടര്‍ബൈനില്‍ സിമന്റ് ബ്ലോക്കുകള്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഉത്പാദനം നിലച്ചിരുന്ന ചിമ്മിനി ജലവൈദ്യുതി പദ്ധതിയുടെ ജനറേറ്റര്‍ പുനസ്ഥാപിച്ചു. മാസങ്ങള്‍ നീണ്ടുനിന്ന ജോലികള്‍ക്കു ശേഷമാണ് തകരാര്‍ പരിഹരിച്ചത്. സ്പിന്നിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫരീദാബാദില്‍ നിന്നുള്ള ഫ്ലോവല് കമ്പനി അധികൃതരും ചിമ്മിനി ഇലക്ട്രിക്കല്‍, സിവില്‍ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യന്ത്രതകരാര്‍ പരിഹരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അറ്റകുറ്റപ്പണിക്കിടെയാണ് ജനറേറ്ററിന്റെ ടര്‍ബൈനില്‍ തകരാര്‍ കണ്ടെത്തിയത്. വെള്ളം ക്രമീകരിക്കുന്ന ടര്‍ബൈന്റെ ലീഫുകളില്‍ സിമന്റ് ബ്ലോക്കുകള്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതോടെ ചിമ്മിനി പദ്ധതിയുടെ ഉത്പാദനവും നിര്‍ത്തിവെച്ചിരുന്നു.
ജനറേറ്ററിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും ചിമ്മിനി പദ്ധതിയുടെ ഉത്പാദനം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡാമിലെ ജലനിരപ്പ് 76.7 മീ. എത്തിയാല്‍ മാത്രമേ ഡാമിന്റെ ഷട്ടര്‍ തുറക്കാനാവൂ. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാം നിറയാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഉത്പാദനം ആരംഭിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: