ഇരിങ്ങാലക്കുട : കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നിന്നും നേരെയെതിരെ പള്ളിവക കണ്വെന്ഷന് സെന്ററിലേക്ക് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതക്കു കുറുകെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മേല്‍പാലനിര്‍മ്മാണം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. മേല്‍പാലനിര്‍മ്മാണത്തിന് അനുവാദം കിട്ടുന്നതിനുവേണ്ടി പള്ളി വികാരി പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പണി നടക്കുന്നത് എന്ന ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, രമേഷ് വാര്യര്‍, അമ്പിളി ജയന് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജിയിലാണ് മേല്പ്പാലനിര്മ്മാണത്തിനെതിരെ വിധിയുണ്ടായത്. ഇതോടെ മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലം എംഎല്‍എയും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്റെ കാലത്താണ് പ്രത്യേക താല്പര്യപ്രകാരമാണ് പാലം പണിക്ക് സര്‍ക്കാര്‍ അനുവാദം ലഭിച്ചത്. പള്ളി നിലകൊള്ളുന്ന ചന്തക്കുന്ന് പ്രദേശത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ചന്തയിലും പള്ളിയിലേക്കുമുള്ള ആളുകള്‍ക്ക് ഗതാഗതകുരുക്ക് ഒഴിവാക്കി യാത്ര ചെയ്യുന്നതിനും പള്ളിവക കണ്വെന്ഷന് സെന്ററിലേക്കുമുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലുമാണ് പള്ളിവികാരി സര്‍ക്കാരില്‍നിന്ന് മേല്‍പ്പാലത്തിനുള്ള അനുവാദം വാങ്ങിയത്. മേല്‍പ്പാലത്തിന്റെ മുഴുവന്‍ ചിലവും പള്ളിയാണ് മുടക്കുന്നത്. എന്നാല്‍ ഈ പാലം തുടങ്ങുന്നതും അവസാനിക്കുന്നതും പൂര്‍ണ്ണമായും പള്ളിയുടെ സ്വകാര്യസ്ഥലത്താണെന്നും ഇതുകൊണ്ട് പൊതുജനങ്ങള്‍ക്ക് യാതൊരു ഉപകാരമില്ലെന്നും അതുകൊണ്ട് ഇത് നിര്‍മ്മിക്കുന്നെങ്കില്‍ അപേക്ഷയില്‍ പറഞ്ഞ പ്രകാരം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലെ നിര്‍മ്മിക്കാവൂ എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഏറെ നാളായി ഗതാഗതകുരുക്കില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രദേശമാണ് ചന്തക്കുന്ന് ജംഗ്ഷന്. ഇവിടെ റോഡ് വീതി വെപ്പിക്കാന്വേണ്ടി പിഡബ്ല്യുഡി വകുപ്പ് പല നടപടികളും സ്വീകരിച്ചെങ്കിലും പലവിധ എതിര്പ്പുകള്മൂലം സ്ഥലമേറ്റെടുക്കല്‍ ഒന്നും നടപ്പിലായില്ല.ചന്തക്കുന്ന് മുതല്‍ ഠാണാവ് വരെയുള്ള പ്രദേശത്ത് പള്ളിക്ക് റോഡിനു ഇരുവശവുമായി നിരവധി സ്ഥാപനങ്ങളും സ്ഥലവുമുണ്ട്. ചന്തക്കുന്ന് ഠാണാവ് മേഖലയുടെ വികസനം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും മുഖ്യ വിഷയമായിരുന്നു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എടുക്കുന്ന നിലപാടാണ് ഈ മേല്പ്പാലനിര്മ്മാണത്തിന്റെയും ചന്തക്കുന്ന് വികസനത്തിന്റെയും ഭാവി തീരുമാനിക്കുവാന്പോകുന്നത്. നഗരസഭയുടെ അനുവാദമില്ലാതെയാണ് പാലത്തിന്റെ പണികള്‍ ആരംഭിച്ചത്. പിന്നീട് സന്തോഷ് ബോബന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുനിസ്സിപ്പല്‍ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. പിന്നീട് നഗരസഭ സമിതി പണിക്കു അനുമതി നല്‍കുകയായിരുന്നു. മേല്പ്പാലവിഷയത്തില് മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുകയാണ്. പുതിയ എംഎല്‍എ പ്രൊഫ.കെ.യു.അരുണന് ചന്തക്കുന്ന ഠാണാവ് റോഡുവികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. കച്ചവടസ്ഥാപനങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ 17 മീറ്റര്‍ റോഡ് വികസനത്തിന് ഈ മേല്‍പ്പാലം തടസ്സമാണ്. ഈ വിഷയത്തില്‍ എംഎല്‍എ നിശബ്ദത പാലിക്കുന്നത് ചന്തക്കുന്ന് ഠാണാവ് റോഡ് വികസനത്തിന്റെ പേരില്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നാണ് ജനാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: