തിരുനെല്ലി : കാട്ടുതീമൂലം നശിച്ച തിരുനെല്ലിയിലെ വനസമ്പത്ത് വീണ്ടെടുക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സാമൂഹ്യ വനവല്‍ക്കരണ പരിപാടി തുടങ്ങി. തിരുനെല്ലി ഗ്രാമപഞ്ചായത്തും, വനംവകുപ്പുമായി സഹകരിച്ച് അപ്പപ്പാറ, കുതിരക്കോട് പ്രദേശങ്ങളിലെ എട്ട് ഏക്കറോളം സ്ഥലത്ത് 1000 മുളത്തൈകളും 1500 ഫലവൃക്ഷത്തൈകളും നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഒ.ആര്. കേളു എംഎല്‍എ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിന് സമീപം മുളത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് സൗജന്യമായി നല്കിയ മുളത്തൈകളും അയല്ക്കൂട്ടാംഗങ്ങള് സ്വന്തം കൃഷിയിടത്തില്‍ നിന്നും ശേഖരിച്ച ഫലവൃക്ഷത്തൈകളുമാണ് നടുന്നതിനായി ഉപയോഗിച്ചത്. ഇവയോടൊപ്പം വിവിധ ഫലവൃക്ഷങ്ങളുടെ അഞ്ഞൂറോളം വിത്തുകള്‍ പ്രദേശത്ത് വിതക്കുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങളായ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരാണ് തൈ നടുന്നതിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കുള്ള വേതനം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് നല്‍കും. ഓരോ പ്രദേശത്തെയും തൈകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് എ.ഡി.എസ് ഭാരവാഹികള്‍ക്കും അയല്ക്കൂട്ടാംഗങ്ങള്ക്കും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്ക് തൈകളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുക്കും.
പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തി വിജയപ്രദമാവുകയാണെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി അറിയിച്ചു. കൂടുതല്‍ തൈകള്‍ വനത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഴ്സറി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനന്തന് നമ്പ്യാര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീന്ദ്രന്‍, ഗോപി എന്നിവര്‍ പ്രസംഗിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിത നാരായണന് സ്വാഗതവും എ.ഡി.എസ് സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: