കല്‍പ്പറ്റ : യന്ത്രവത്കൃത പപ്പടനിര്മാണശാലകളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്ക്കാന് പാടുപെട്ട് പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍. യന്ത്രവല്‍കൃത യൂനിറ്റുകള്‍ പപ്പടം വിലകുറച്ച് വിപണിയില്‍ ലഭ്യമാക്കുന്നതാണ് പരമ്പരാഗത തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. കമ്മീഷന് കുടുതല്‍ കിട്ടുമെന്നതിനാല്‍ മൊത്ത, ചില്ലറ കച്ചവടക്കാര്‍ ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ വില്പനയിലാണ് താത്പര്യം കാട്ടുന്നതെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. യന്ത്രവല്‍കൃത യൂനിറ്റുകള്‍ വിപണിയിലെത്തിക്കുന്ന പപ്പടം ഗുണനിലവാരം കുറഞ്ഞതാണെന്ന സന്ദേഹവും പരമ്പരാഗത തൊഴിലാളികള്‍ക്കുണ്ട്.
യന്ത്രവത്കൃത യൂനിറ്റുകള്‍ പപ്പടം കിലോഗ്രാമിനു 130-140 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നത്. ഒരു കിലോഗ്രാം ഉഴുന്നിനു 180 രൂപ വിലയുണ്ടായിരിക്കെ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യം പരമ്പരാഗത തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഉഴുന്നുപൊടി, പപ്പടക്കാരം, വെള്ളം, ഉപ്പ്, എള്ളെണ്ണ, അരിപ്പൊടി എന്നിവ ഉപയോഗിച്ചാണ് പപ്പടം ഉണ്ടാക്കേണ്ടത്. ഒരു കിലോ പപ്പടം ഉല്പാദിപ്പിക്കുന്നതിനു ഏകദേശം 250 രൂപയാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് ചെലവ്. അധ്വാനക്കൂലി പുറമേ. എന്നിരിക്കെ കിലോഗ്രാമിനു കുറഞ്ഞവിലയ്ക്ക് പപ്പടം വില്പനയ്ക്ക് ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
പരമ്പരാഗത തൊഴിലാളികള്‍ കുടില്‍ വ്യവസായമായി നടത്തിവരുന്നതാണ് പപ്പടനിര്‍മാണം. ഉല്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളടക്കം പങ്കാളികളാണ്. ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ കടന്നുകയറ്റം തങ്ങളുടെ വയറ്റത്തടിച്ചിരിക്കയാണെന്ന് വയനാട്ടിലെ പരമ്പരാഗത തൊഴിലാളികളായ പി.വി.സജീവന്, വി.കെ.സുഭാഷ്ബാബു എന്നിവര്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ വീടുകളില്‍ നിര്‍മിക്കുന്ന പപ്പടം ഒരാഴ്ച കഴിഞ്ഞാല്‍ ഉപയോഗത്തിനു പറ്റാതാകും. എന്നാല്‍ ഫാക്ടറി നിര്‍മിത പപ്പടം നാലും അഞ്ചും ആഴ്ച കഴിഞ്ഞാലും കേടാകുന്നില്ല. ആരോഗ്യത്തിനു ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുള്ള നിര്‍മാണമാണ് ഈ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് പരമ്പരാഗത തൊഴിലാളികളായ എസ്.ബാബുരാജ്, വി.കൃഷ്ണന് എന്നിവര്‍ പറഞ്ഞു. ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു ഭക്ഷ്യസരുക്ഷാ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നു.
ഫാക്ടറികളിലും വീടുകളിലും നിര്‍മിക്കുന്ന പപ്പടങ്ങള്‍ തമ്മില്‍ ഗുണനിലവാരത്തിലുള്ള അന്തരം സംബന്ധിച്ച് ഗുണഭോക്താക്കളില്‍ ബോധവല്‍ക്കരണം നടത്താനും അതുവഴി വിപണിയില്‍ പിടിച്ചുനില്ക്കാനുമുള്ള നീക്കത്തിലാണ് പരമ്പരാഗത തൊഴിലാളികള്‍. പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളുടെ സംഘടന രൂപീകരിച്ചായിരിക്കും ബോധവല്‍ക്കരണ പരിപാടികള്‍. വയനാട്ടില്‍ 1000 ഓളം പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരെ സംഘടിപ്പിക്കാനും ഒരു കുടക്കീഴില് നിര്‍ത്താനുമുള്ള പരിശ്രമത്തിലാണ് പരമ്പരാഗത തൊഴിലാളികളിലെ ചെറുപ്പക്കാരില്‍ ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: