ഇടുക്കി: ജില്ലയിലെ 45 സര്‍ക്കാര്‍ ആഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.ഇടുക്കി കളക്ട്രേറ്റ് ,തൊടുപുഴ, പീരുമേട്, ഇടുക്കി താലൂക്ക് ആഫീസുകള്‍, സബ്ബ് രജിസ്ട്രാര്‍ ഓഫീസുകള്‍, തൊടുപുഴ, കട്ടപ്പന മുന്‍സിപ്പല്‍ ആഫീസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായും സേവനങ്ങള്‍ക്കു വേണ്ടി സമീപിക്കുന്ന ആഫീസുകളിലെ പരിശോധന രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു. അഴിമതി സംഭവിക്കുന്ന ഇടങ്ങളില്‍ ജാഗ്രതാ പൂര്‍വ്വമുള്ള വിജിലന്‍സിന്റെ സത്വര ഇടപെടല്‍ സാദ്ധ്യമാക്കണമെന്ന വിജിലന്‍സ് മേധാവി ഡോ. ജേക്കബ്ബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധനകള്‍ എന്ന് ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടര്‍ന്ന് നടത്തുന്നതിനാണ് വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിജിലന്‍സിന്റെ ജാഗ്രത സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആഫീസുകളിലും അഴിമതിയുടെ പ്രതിഛായ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേലും ഉണ്ടായിരിക്കുന്നത് അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള പരിശോധന കൊണ്ട് വിജിലന്‍സ് പൊതു സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആളുകളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ ആഫീസുകളിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി ഉടനടി പരിഹാരത്തിന് സാദ്ധ്യമാകും ഇത് പൊതു ജനങ്ങളില്‍ കൂടുതല്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും അഴിമതിക്കാരുടെ മനോഭാവത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനും സാധിക്കും. ഇടുക്കി ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഗുരുതരമായ ക്രമക്കേടു കള്‍ ഒന്നും കണ്ടെത്തിയില്ല. വരുംനാളുകളിലും ശക്തമായ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജില്‍സണ്‍ മാത്യൂ, പയസ്സ് ജോര്‍ജ്ജ്, ടിപ്‌സണ്‍ തോമസ് മേക്കാടന്‍, അനില്‍ ജോര്‍ജ്ജ് എന്നിവരും ഇടുക്കി, കുമളി, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ചില ഓഫീസുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വിജ
ിലന്‍സ് വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടില്ല.
















