ഭഗവാനാണ് നാരായണൻ. പിന്നെയെങ്ങനെ അദ്ദേഹം ഒരു ദാസനെപ്പോലെ ഉഗ്രസേനരാജാവിനെ സേവിക്കാനിടയായി? എനിക്കിതിലൊക്കെ സംശയങ്ങൾ വർദ്ധിക്കുകയാണ്. നാരായണമുനി പറയുന്ന സംഭാവനയൊക്കെ നന്ന്, പക്ഷേ സുഖദുഃഖങ്ങളും എല്ലാവർക്കും ഒരുപോലെയാണോ? കൃഷ്ണകഥകൾ ഒന്ന് വേറെ തന്നെയാണ്. അമാനുഷികമായി അദ്ദേഹം ചെയ്ത കാര്യങ്ങൾ എല്ലാം എന്നോടു വിശദമായി പറഞ്ഞു തരണം.
ഭഗവാൻ ഹരി പല അസുരന്മാരെയും വധിച്ചത് അതീവ ക്ലേശങ്ങൾ സഹിച്ചാണ്. അവരുടെ ആയുസ്സ് ഒടുങ്ങാറായിരുന്നു അപ്പോൾ. അതിലിപ്പോൾ ഭഗവാന്റെ കർമ്മങ്ങൾക്ക് എന്ത് പ്രത്യേകതയാണുള്ളത്? കൃഷ്ണൻ രുഗ്മിണിയെ കട്ടുകൊണ്ടുവന്നല്ലേ വിവാഹം ചെയ്തത്? അതിൽ കള്ളത്തരമുണ്ടല്ലോ? ജരാസന്ധനെ പേടിച്ച് അദ്ദേഹം തന്റെ രാജ്യമായ മഥുര ഉപേക്ഷിച്ച് ദ്വാരകയിൽ താമസമാക്കി. അപ്പോഴൊന്നും ഈ കൃഷ്ണൻ ഭഗവാൻ തന്നെയാണെന്ന് ആർക്കും അറിവുണ്ടായിരുന്നില്ല. ചെറുതിലേ തന്നെ വ്രജത്തിൽ ഒളിച്ചു താമസിച്ചതിനും ഭഗവാന് കാരണങ്ങൾ ഉണ്ടാകുമായിരിക്കും! ഇങ്ങനെ അനേകം സംശയങ്ങൾ എന്റെയുള്ളിൽ പൊങ്ങിപ്പൊങ്ങി വരുന്നുണ്ട്. അങ്ങേയ്ക്ക് മാത്രമേ അവയെ ഇല്ലാതാക്കാൻ കഴിയൂ.
മറ്റൊന്ന് ഈ ദ്രൗപദിക്ക് അഞ്ചു ഭർത്താക്കന്മാർ അതെത്ര ലജ്ജാവഹമാണ്! ലോകരെല്ലാം നിന്ദിക്കുന്ന രീതിയിൽ അത് മൃഗധർമ്മമല്ലേ? സദ്ജനങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ അനുകരിക്കുമല്ലോ! അപ്പോളിതിനു കാരണമെന്താണ്? ഭീഷ്മരുടെ പ്രവർത്തനങ്ങളും വംശരക്ഷക്കായി വിധവാപുത്രന്മാരെ സൃഷ്ടിക്കാൻ അരുനിന്നു. ഏതെങ്കിലുമൊക്കെ രീതിയിൽ പുത്രോൽപ്പാദനമാവാം എന്നാണോ ഈ മുനിമാർ നമ്മെ പഠിപ്പിക്കുന്നത്? അത് ധർമ്മത്തിന് നിരക്കുന്നതാണോ?’
തുടരും
















