പുല്ലുപിടിച്ച് കാടായ അവസ്ഥയിലുള്ള ആദര്‍ശ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍
ഇരിങ്ങാലക്കുട: നാല് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് ആക്കി ഉയര്‍ത്തിയിട്ടും യാതൊരു വിധ പുതിയ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് വേണ്ടി ചെയ്തിട്ടില്ല , റയില്‍വേ സ്റ്റേഷനില്‍ മുന്‍പുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇരു ഭാഗങ്ങളിലേക്കുമായി എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളടക്കം നാല്‍പ്പത്തി രണ്ടോളം ട്രെയിനുകള്‍ നിര്‍ത്തുന്ന 5 കോടിയോളം വാര്‍ഷിക വരുമാനം ലഭിക്കുന്ന സ്റ്റേഷന്റെ വികസനം ഇന്നും വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.
ആവശ്യത്തിന് ലൈറ്റുകള്‍ ഇല്ലാത്തതുമൂലം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇരുട്ട് പിടിച്ച അവസ്ഥയാണ് ഉള്ളത്. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം ഉയര്‍ത്തി പണിയാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സ്ലാബുകള്‍ ഉയര്‍ന്നും താഴ്ന്നും, പല തട്ടുകളായിട്ടാണ് നില്‍ക്കുന്നത്. ഇതുമൂലം മഴ പെയ്താല്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം. കൂടാതെ അടഞ്ഞു കിടക്കുന്ന ടീ സ്റ്റാള്‍ ,കാലു കുത്താന്‍ അറക്കുന്ന സ്റ്റേഷന്‍ പരിസരം, കുടയില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത പ്രധാന പാത, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും വൃത്തിഹീനമായ പ്ലാറ്റുഫോമുകളും ഇതാണ് ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതി.
ഒരുകാലത്ത് തൃശ്ശൂരിനും ആലുവയ്‌ക്കും ഇടയിലെ പ്രധാന സ്റ്റേഷനായിരുന്ന കല്ലേറ്റുംകരയുടെ അഭിമാനമായിരുന്ന ഈ സ്റ്റേഷനിലെ ഇന്നത്തെ മാലിന്യ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ഒട്ടേറെ കഷ്ടതയനുഭവിക്കുന്നുണ്ട്. സ്റ്റേഷനിലെ മരങ്ങള്‍ കാരണം കല്ലേറ്റുംകര താഴേക്കാട് റോഡിലൂടെ സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് ഭയമാണ്.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഇത്രയേറെ വരുമാനമുള്ള ഈ സ്റ്റേഷന്‍ ഇപ്പോഴും ഡി ഗ്രേഡിലാണ് എന്നതാണ് വസ്തുത. മുന്‍ എം പി ഇത് ആദര്‍ശ് സ്റ്റേഷനാണ് എന്ന് പറഞ്ഞെങ്കിലും റെയില്‍വെയുടെ കണക്കില്‍ അങ്ങനൊന്നില്ലെന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: