തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ആറിടങ്ങളില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് തെളിഞ്ഞു. ബുധനാഴ്ച രാത്രി എട്ടുമുതല്‍ ഇന്നലെ രാവിലെ എട്ടുവരെയുള്ള 12 മണിക്കൂറിനുള്ളില്‍ ആറിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ തൃശൂര്‍ പോലീസ് കണ്ട്രോള് റൂമിലേക്കാണ് സന്ദേശമെത്തിയത്.
ജൂബിലി മിഷന് ആശുപത്രി കോമ്പൗണ്ടിലെ കോയിന് ബോക്സില്‍നിന്നാണ് സന്ദേശമെത്തിയതെന്ന് ആദ്യദിനം തന്നെ കണ്ടെത്തിയിരുന്നു. സൈബര്‍സെല്ലിന്റെയും പരിസരത്തെ നിരീക്ഷണ കാമറകളുടെയും സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സന്ദേശം ലഭിച്ചതുമുതല്‍ രാവിലെ വരെ നഗരത്തില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തി. ബോംബ്-ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫീസ്, നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനത്തിരക്കുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.
കേരള ആംഡ് പോലീസ് ബറ്റാലിയനുകളില്‍നിന്നും രാമവര്‍മപുരം പോലീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: