വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പൊതുശ്മശാന നവീകരണം പാതിവഴിയില്‍ നിര്‍ത്തി വച്ച പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി വെള്ളിയാമറ്റം പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2014 ജൂണ്‍ മാസം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് തൊടുപുഴ കോടതിയില്‍ പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പായി സ്വന്തം പേരുകള്‍ എഴുതി വച്ച ശിലാഫലകം സ്ഥാപിച്ച് പേരെടുക്കുവാനുള്ള നടപടി മാത്രമാണ് നടന്നത്. പൊതുശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറഞ്ഞ ചിലവില്‍ ഒരു കെട്ടിടം ഷീറ്റുമേഞ്ഞ് നിര്‍മ്മിച്ച് ഫര്‍ണസുള്‍പ്പെടെ ചില സാമഗ്രികള്‍ മാത്രം കൊണ്ടു വന്നു സ്ഥാപിച്ച് വളരെയധികം കണക്കുകള്‍ നിരത്തി പൊതുജനത്തെ കബളിപ്പിക്കുന്ന സ്ഥിതിയാണ് ഇളംദേശത്തെ ഈ പൊതുശ്മശാനത്തിനുള്ളത്. ഫണ്ട് വിനിയോഗത്തില്‍ വന്‍അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തേണ്ട സ്ഥിതിയിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. മറ്റേതൊരു പദ്ധതിയും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പഞ്ചായത്തധികൃതര്‍ പാവപ്പെട്ടവരും ഭൂരിഹതരുമായ ആളുകളുടെ ഏറെനാളായുള്ള പൊതുശ്മശാന നവീകരണമെന്ന ഈ ആവശ്യത്തെ അവഗണിച്ചിരിക്കുകയാണ്.
10ന് രാവിലെ 10 മണിക്ക് ഹിന്ദുഐക്യവേദി വെള്ളിയാമറ്റം പഞ്ചായത്ത് കമ്മറ്റി വമ്പിച്ച ബഹുജന മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ഇ.ജി. മനോജ് ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം എം.എന്‍. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
















