നാദാപുരം: ദുര്‍ഗന്ധം കാരണം നാദാപുരം താലൂക്ക് ആശുപത്രിയിലെ പുരുഷവാര്‍ഡില്‍ രോഗികള്‍ ദുരിതത്തില്‍ . പുരുഷവാര്‍ഡിനോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ സ്ഥാപിച്ച മലിനജലക്കുഴല്‍ പൊട്ടി പരിസരം വൃത്തിഹീനമായതാണ് രോഗികളെ ദുരിതത്തില്‍ ആക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കാന്‍ നിര്‍മ്മിച്ച ബാത്ത്‌റൂമില്‍ നിന്നും പുറത്തേക്കുപോകുന്ന മലിനജലംവാര്‍ഡിനു സമീപമുള്ള പറമ്പിലേക്കാണ് ഒഴുകുന്നത്. മലിനജലത്തില്‍ പുഴുക്കളും കീടങ്ങളും പെറ്റുപെരുകി ആശുപത്രി വാര്‍ഡില്‍ എത്തുകയാണ്. രോഗികള്‍ക്കു ചൊറിച്ചിലിനും മറ്റു അസ്വസ്ഥതകള്‍ക്കും ഇത് ഇടയാക്കുന്നു. ഇരുപതിലധികം രോഗികളാണ് ഈ വാര്‍ഡില്‍ കഴിയുന്നത്. രാത്രികാലങ്ങളില്‍ ഇവയുടെ ശല്യം കൂടുന്നതിനാല്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്ന് രോഗികള്‍ പറയുന്നു. ഇതോടൊപ്പം ആശുപത്രിമാലിന്യങ്ങള്‍ മുഴുവന്‍ ഇവിടെ നിക്ഷേപിക്കുന്നതും ആരോഗ്യ പ്രശ്‌നം ഉയര്‍ത്തുകയാണ്. പകര്‍ച്ച വ്യാധികള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കുമെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്ന ആരോഗ്യ കേന്ദ്രംതന്നെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















