കല്‍പ്പറ്റ : തിരുനെല്ലിയില്‍ കാട്ടു തീ മൂലം നശിച്ച വനമേഖലയുടെ പുനരുജ്ജീവനവും സംരക്ഷണവും കുടുംബശ്രീ ഏറ്റെടുക്കുന്നു. പൊലിവ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തും വനം വകുപ്പുമായി സഹകരിച്ച് അപ്പപ്പാറ സെക്ഷനിലെ കരമാടി, കോട്ടിയൂര്‍ മേഖലകളില്‍ 1000 മുളത്തൈകളും 2000 ഫലവൃക്ഷത്തൈകളും നടുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇന്ന് രാവിലെ 10ന് കോട്ടിയൂര്‍ വനമേഖലയില്‍ മുളത്തൈ നട്ട് ഒ.ആര്.കേളു എം എല്‍എ പദ്ധതി ഉദ്ഘാടനം ചെയ്യും.
വിവിധയിനം വൃക്ഷങ്ങളുടെ ആയിരക്കണക്കിന് വിത്തുകള്‍ ഈ പ്രദേശത്ത് വിതക്കുകയും ചെയ്യും. പ്രദേശത്തിന്റെ സന്തുലിത ആവാസ വ്യവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൈകളുടെ തുടര്‍സംരക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെയും പദ്ധതിയുമായി സഹകരിപ്പിക്കും.
തിരുനെല്ലി സി.ഡി.എസിന് കീഴിലുള്ള രണ്ട്, നാല് വാര്‍ഡുകളില്‍പെട്ട എ.ഡി.എസ്, അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്കാണ് സംരക്ഷണ ചുമതല നല്‍കിയിട്ടുള്ളത്. 2013 ല്‍ കാട്ടുതീ മൂലം ഈ പ്രദേശത്തെ വനസമ്പത്ത് വലിയ അളവില്‍ നശിക്കുകയും നിരവധി വന്യമൃഗങ്ങള്‍ക്ക് ജീവനാശമുണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമവും നേരിട്ടിരുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തും വനം വകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: