തൊടുപുഴ: ബാലാവകാശ കമ്മീഷന്‍ തൊടുപുഴയില്‍ ഹിയറിങ് നടത്തി. ഏഴോളം പരാതികള്‍ പരിഗണിച്ചു. മൂന്നാറില്‍ സ്‌കൂള്‍ മുറ്റത്തേയ്‌ക്ക് റിസോര്‍ട്ടുകളില്‍ നിന്നും കക്കൂസ് മാലിന്യം ഒഴുക്കിയ കേസ് പരിഗണിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എ.ഡി.എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മിസസ് എന്നിവരോട് കമ്മീഷന്‍ ഉടനടി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ നടന്ന സര്‍ക്കസ് ക്യാമ്പില്‍ മംഗോളിയ സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കസ് അധികൃതര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി ലഭിക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ പൊലീസ് മേധാവി എന്നിവരോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കസ് കമ്പനി ഇവിടം വിട്ട് പോയെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ഉപേക്ഷിച്ചെന്നുമുള്ള ഹിയറിംഗിനെത്തിയ തൊടുപുഴ സി.ഐ ശ്രീമോന്റെ മറുപടി പറഞ്ഞു. ഇതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. വണ്ണപ്പുറം എസ്.എന്‍.വി. എച്ച്.എസ്.എസ് സ്‌കൂളില്‍ ദ്രോണാചാര്യ കെ.പി തോമസ് മാഷ് നടത്തുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലിനെ ചൊല്ലിയുള്ള പരാതിയായിരുന്നു മറ്റൊരു പ്രധാന കേസ്. ദ്രോണാചാര്യ കെ.പി തോമസ് മാഷും, പി.ടി.എ വൈസ് പ്രസിഡന്റുമാണ് ഹോസ്റ്റല്‍ നടത്തിപ്പിന് സ്‌കൂള്‍ മാനേജ്‌മെന്റ് തുരങ്കം വയ്‌ക്കുന്നുവെന്നും ഇവിടേയ്‌ക്കുള്ള കരണ്ടും വെള്ളവും നിഷേധിക്കുന്നുവെന്നും കാട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ചത്. ഇരുകൂട്ടരോടും സംസാരിച്ചതിന് ശേഷം ഹോസ്റ്റല്‍ മതിയായ രേഖകളോട് കൂടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിലാണ് ബാലാവകാശ കമ്മീഷന്‍ എത്തിചേര്‍ന്നത്. സംസ്ഥാന ബാലാവകാശ അദ്ധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു.
















