കോഴിക്കോട്: പുതിപാലത്ത് കനോലികനാലിന് കുറുകെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച വലിയപാലത്തിന്റെ പ്രവൃത്തിയ്‌ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ കാലതാമസം വരുന്ന സാഹചര്യമാണെന്ന് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. ഇനിയെങ്കിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭരണാനുമതിയ്‌ക്ക് അംഗീകാരം നല്‍കിയാല്‍ മാത്രമെ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങുകയുള്ളൂവെന്നും ഡോ. എം.കെ. മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്നിയങ്കര മേല്‍പ്പാലം മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല്പത് കോടി പ്രതീക്ഷിച്ച പുതിയപാലം പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിനായി നേരത്തെ നിശ്ചയിച്ച 20 കോടിയ്‌ക്ക് പകരം പുനരധിവാസം ഉള്‍പ്പെടെ മുപ്പത് കോടി ആവശ്യമായി വന്നിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകാര്യവകുപ്പ് പദ്ധതിച്ചെലവ് അമ്പത് കോടിയായി നിജപ്പെടുത്തി ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. 67 കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക സംവിധാനവും തുടര്‍ന്ന് പാലത്തിനടിയില്‍ കടകളും ലഭ്യമാക്കുന്ന പാക്കേജ് ഉള്‍പ്പെടെ 121 ഭുവുടമകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത്. ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഫണ്ടിന്‍മേല്‍ പുതുക്കിയ ഭരണാനുമതി ലഭിക്കേണ്ട സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഭരണാനുമതി സംബന്ധിച്ച ഫയല്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതിന് പകരം പാക്കേജ് നിശ്ചയിച്ച പദ്ധതിയുടെ ജി ഒ വീണ്ടും വകുപ്പിലേക്ക് അയയ്‌ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. യു ഡി എഫ് സര്‍ക്കാര്‍ മാറി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വകുപ്പ് മന്ത്രി പദ്ധതി ഫയലില്‍മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഉത്തരവിടുകയായിരുന്നു. താഴെത്തട്ടില്‍ നിന്നുള്ള വിശദീകരണ റിപ്പോര്‍ട്ടിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാറിലേക്ക് അനുകൂല ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പന്നിയങ്കര മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്തയാഴ്ച അവലോകനയോഗം ചേരുമെന്നും എം .കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു.
















