ഷൊര്‍ണൂര്‍: ചെറുകിട വ്യവസായികള്‍ക്കു വലിയ യന്ത്രങ്ങളുടെ സൗകര്യം ലഭ്യമാകാന്‍ സഹായകമായ ഷൊര്‍ണൂരിലെ ചെറുകിട വ്യവസായ വികസന കേന്ദ്രം തുറക്കാന്‍ നടപടിയായില്ല. ഡ്രോപ്പ് ഹാമര്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ഇരുമ്പുല്പന്നങ്ങളുടെ നിര്‍മിതിക്കാവശ്യമായ ക്ലോസ്ഡ് ഡൈ ഫോര്ജിങ്ങിനുള്ള യ്ര്രന്തം ഇവിടെയുണ്ട്.
ചെറുകിട വ്യവസായികളുടെ ആവശ്യത്തിനു മാത്രമേ കേന്ദ്രം ഉപയോഗപ്പെടുത്താവൂ എന്ന നിബന്ധനയിലാണ് 1997ല്‍ 55.68 ലക്ഷത്തിനു ഷൊര്‍ണൂര്‍ നഗരസഭ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നു ചെറുകിട വ്യവസായ വികസന കേന്ദ്രം ഏറ്റെടുക്കുന്നത്. നാല് പവര്ഹാമറുകള്, ട്രിമ്മിങ് യന്ത്രം എന്നിവയും ഇവിടെയുണ്ട്.
എന്നാല്‍ കേന്ദ്രം വര്‍ഷങ്ങളായി അടച്ചിട്ടതിനാല്‍ ഇവയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ച ശേഷമേ അറിയാനാകൂ. ചെറുകിട വ്യവസായ വികസന കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു.
ഉപയോഗ യോഗ്യമായ യന്ത്രങ്ങളെ സംബന്ധിച്ചും ആവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ചും വിശദമായ പഠന റിപ്പോര്‍ട്ട് 2006 ഫെബ്രുവരിയില്‍ ഷൊര്‍ണൂര്‍ നഗരസഭയ്ക്കു സ്മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും വ്യവസായികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തുവെങ്കിലും ഫലപ്രദമായ നടപടികളുണ്ടായില്ല. കുളപ്പുള്ളി–തൃശൂര്‍ റോഡില്‍ 80 സെന്റ് സ്ഥലത്താണു വ്യവസായ കേന്ദ്രം. കേന്ദ്രം തുറക്കാനായാല്‍ ചെറിയ വാടകയ്ക്കു വ്യവസായികള്‍ക്കു യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: