കുണ്ടറ: പത്തുമാസമായി തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ കശുവണ്ടി തൊഴിലാളികള്‍ക്ക് 15000 രൂപ ബോണസും 25000 രൂപ ഇടക്കാലാശ്വാസവും സൗജന്യറേഷനും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു.
മുക്കടയില്‍ ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാല്‍ ഒരുമാസത്തിനകം കശുവണ്ടി ഫാക്ടറികളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കി തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്‌ക്കണം. കുണ്ടറ അലിന്റിന്റെ ഭൂമി തിരിച്ചുപിടിച്ച് മേക്ക് ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിക്കിടക്കു കശുവണ്ടി ഫാക്ടറികള്‍ തുറക്കുക, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ നോക്കുക, തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന ധര്‍ണ്ണയില്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് ജി. കൊറ്റങ്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.ദേവരാജന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ നാഗേഷ്, അഡ്വ.രൂപാബാബു, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, ബിറ്റി സുധീര്‍, കേണല്‍ കെ.കെ.ജോണ്‍, സജീവ്ചന്ദ്രന്‍, പി.ശിവന്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















