ഒറ്റപ്പാലം: ഭരണസമിതിയില്ലാത്തതുകൊണ്ട് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ ക്ലാസ് മുറികളുടെ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടികളില്ല. ഫണ്ടിന്റെ പരിമിതി മൂലമാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം നിലച്ചത്. നിര്‍മാണത്തിന് സാംസ്കാരികവകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക ലഭിച്ചിട്ടില്ല.
പുതിയ സര്‍ക്കാര്‍ നിലവില്‍വന്ന് രണ്ടുമാസമായിട്ടും സ്മാരകത്തില്‍ പുതിയ ഭരണസമിതിയുടെ നടപടികളായില്ല. കഴിഞ്ഞ ഭരണസമിതി ഒരുമാസംമുമ്പ് രാജിവെച്ചിരുന്നു.
നാട്യശാലയുടെ രണ്ടാംനിലയില്‍ പണിനടക്കുന്നതിനാല്‍ താഴത്തെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. നാട്യശാലയ്ക്കുള്ളിലും മൃദംഗം ക്ലാസുകളിലും വെള്ളം കെട്ടിനിന്നിരുന്നു. ഇതിനിടയില്‍ നിലവില്‍ അധ്യാപകര്‍ക്ക് ജൂലായ് കഴിയുന്നതോടെ ശമ്പളം നാലുമാസത്തെ കുടിശ്ശികയാകും. 24.95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെക്രട്ടറിക്ക് വിവരം ലഭിച്ചതായി താത്കാലിക സെക്രട്ടറി സുനില്‍ പാലക്കോട്ട് പറഞ്ഞു.
അധ്യാപകര്‍ക്ക് ശമ്പളക്കുടിശ്ശികയായത് ഫണ്ടിന്റെ പരിമിതി മൂലമാണെന്ന് സെക്രട്ടറി പറഞ്ഞു. സ്മാരകത്തിലെ ഓഫീസ് ജീവനക്കാര്‍ക്കും വിളക്കെണ്ണയ്ക്കും കുടിശ്ശികയില്ല. ഓഫീസ് ജീവനക്കാര്‍ക്കും വിളക്കെണ്ണയ്ക്കും ദിവസവേതനത്തിനുമായി 45,000ത്തോളം രൂപ പ്രതിമാസം വേണം.
അടിയന്തരമായി ഭരണസമിതി രൂപീകരിച്ച് കാര്യങ്ങള്‍ നീക്കിയാലെ അധ്യാപകര്‍ക്ക് ഓണത്തിനെങ്കിലും ശമ്പളംനല്കാനാകൂ എന്ന് ജീവനക്കാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: