മുണ്ടൂര്‍: വേലിക്കാട്, കല്ലടിക്കോട്, കരിമ്പ, കുത്തനൂര്‍, കുഴല്‍മന്ദം, കോട്ടായി തുടങ്ങിയ മേഖലകളില്‍ മുട്ടയിടാത്ത കോഴികളെ നല്കി തട്ടിപ്പ് നടത്തുന്ന സംഘം സജീവമായിരിക്കുന്നു. ഈ മേഖലകളില്‍ പണം വാങ്ങി തട്ടിപ്പിനിരയായത് 300ലേറെ സ്ത്രീകള്‍. അംഗങ്ങളുടെ പേരില്‍ ബാങ്ക് ലോണ്‍ എടുത്ത് കോഴികളെ വിതരണം ചെയ്തത് വഴി 50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് സ്വകാര്യ ഏജന്‍സി നടത്തിയത്. ഒരു ഇരുമ്പ്കൂടും 25 മുട്ടക്കോഴികളുമാണ് ഏജന്‍സി നല്‍കിയത് മാസാമാസം ഇവയ്ക്കുള്ള തീറ്റ നല്‍കും. ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപ വിലയില്‍ ഏജന്‍സി വാങ്ങുമെന്നും കോഴിക്ക് ഇന്‍ഷൂറന്‍സും ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമ്പൂര്‍ണ മുട്ട ഗ്രാമം പദ്ധതിക്ക് കീഴില്‍ കരിമ്പ പഞ്ചായത്തിലെ സ്ത്രീകളെ പത്ത് പേരടങ്ങുന്ന പല ഗ്രൂപ്പുകളായി തിരിച്ച് ഇവരുടെ പേരില്‍ ഏജന്‍സി ലോണെടുത്തത്. കോഴികള്‍ക്ക് തീറ്റക്ക് തന്നെ മാസം ആയിരം രൂപ ചെലവ് വരും. ഇറച്ചിക്കോഴി ആയിട്ടുപോലും പക്ഷേ ഇവയെ ആര്‍ക്കും വേണ്ട. പലവീടുകളിലും കോഴികള്‍ ചത്തു. കൂടുമാത്രം ബാക്കിയായി. പക്ഷേ ലോണും പലിശയും ഇപ്പോഴും അടക്കണം. കരിമ്പ പഞ്ചായത്തിലെ വീട്ടമ്മമാരായ നൂറുകണക്കിന് സ്ത്രീകളാണ് മുട്ടയിടാത്ത മുട്ടക്കോഴികള്‍ മൂലം ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: