പാലക്കാട്: കര്‍ക്കടകവാവുദിവസം പിതൃതര്‍പ്പണത്തിന് ജില്ലയിലെ സ്നാനഘട്ടങ്ങളൊരുങ്ങി. വ്രതശുദ്ധിയുള്ള മനസ്സും ശരീരവുമായി ആയിരങ്ങള്‍ ചൊവ്വാഴ്ച കര്‍ക്കടകവാവ് ആചരിക്കും. പ്രത്യേക ഹോമപൂജാദികളുമായി ശിവക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പിതൃതര്പ്പണമര്പ്പിക്കാന് മുന്‍കൂട്ടി പേര് നല്കാവുന്ന സംവിധാനവും മിക്ക സ്ഥലങ്ങളിലുമുണ്ട്. തിരക്കുള്ളയിടത്തെല്ലാം പോലീസിന്റെ സേവനവും ലഭ്യമാക്കും.
കല്‍പ്പാത്തി പുഴയോരത്ത് പിതൃതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബലിയിടാനെത്തുന്ന കല്‍പ്പാത്തി പുഴയോരത്തെ കടവുകള്‍ ശുചീകരിച്ചു. നഗരസഭ ആറാം വാര്‍ഡ് കൗണ്‍സിലര്‍ പി.ശ്രീമതിയും, മണ്ഡലം ട്രഷറര്‍ കെ.സുഭാഷ്, തങ്കരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. നിരവധി പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു. പുലര്‍ച്ചെ നാലിന് ബലിയിടല്‍ ചടങ്ങ് തുടങ്ങും. ആറ് ബലിപീഠങ്ങളുണ്ടാവും. പുഴക്കടവ് മുഴുവന്‍ പന്തലിട്ടിട്ടുണ്ട്. നാലായിരത്തോളം പേര് ഇവിടെ ബലിതര്‍പ്പണത്തിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രം ദേവസ്വമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് മാനേജിങ് ട്രസ്റ്റി വി.കെ. മണികണ്ഠന് പറഞ്ഞു.
യാക്കര വിശ്വേശ്വരക്ഷേത്രത്തില് രാവിലെ അഞ്ചിന് ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. മഴ പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രാങ്കണത്തിലെ മൂന്ന് ഹാളുകളിലാണ് ചടങ്ങുകള്‍ നടത്തുക. പിതൃതര്‍പ്പണവും പിതൃനമസ്കാരവും കൂട്ടുനമസ്കാരവും അനുഷ്ഠിക്കാന്‍ സൗകര്യമൊരുക്കുമെന്ന് സെക്രട്ടറി എം. ഗോപാലകൃഷ്ണന് അറിയിച്ചു.
അലനല്ലൂര്‍: കലങ്ങോട്ടിരി ഭഗവതി ക്ഷേത്ര കമ്മിറ്റി പിതൃതര്‍പ്പണത്തിന് വെള്ളിയാര്‍ പുഴയില്‍ വേദി ഒരുക്കും. വാവുബലി ദിവസം രണ്ടിനു പുലര്‍ച്ചെ നാലിന് ആരംഭിക്കും. വിവരങ്ങള്‍ക്ക് 9645627081, 9497825303, 9495035894.
മണ്ണാര്‍ക്കാട്: പയ്യനെടം കാക്കത്തിരുത്തി ഭുവനേശ്വരി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുന്തിപ്പുഴ കാക്കത്തിരുത്തി കടവില്‍ നാളെ അ!ഞ്ച് മണിക്ക് കര്‍ക്കടക വാവുബലി ചടങ്ങ് നടത്തും. വിവരങ്ങള്‍ക്ക്: 9847443839.
ലക്കിടി: പാമ്പാടിയില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി. പിതൃക്കള്‍ക്ക് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും ഇവിടെ ബലിയര്‍പ്പണം നടത്താറുണ്ട്. ആനകള്‍ക്കുപോലും ബലിയര്‍പ്പിക്കുന്ന പതിവുണ്ട്. രാവിലെ 4ന് ബലിതര്‍പ്പണം ആരംഭിക്കും. 11.30 വരെ തുടരും.
തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തില്‍ കര്ക്കടകവാവിനുള്ള ഒരുക്കങ്ങളായി. ഭാരതപ്പുഴയില്‍ പിതൃതര്പ്പണത്തിനെത്തുന്നവര് വില്വാദ്രിയിലെത്തി ദര്‍ശനം നടത്തുമ്പോഴാണ് തര്‍പ്പണം പൂര്ണമാകുന്നതെന്നാണു വിശ്വാസം. ദര്ശനത്തിനെത്തുന്നവര്ക്കായി വാഹനപാര്‍ക്കിങ്, പ്രസാദമൂട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്താ അറിയിച്ചു.
തൃത്താല: യജ്ഞേശ്വരം മഹാക്ഷേത്രത്തില്‍ രാവിലെ നാലുമുതല്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിക്കും. തിലഹോമം, സായുജ്യപൂജ എന്നിവ ബലിതര്‍പ്പണത്തിന്റെ ഭാഗമായി നടക്കും. വിശേഷാല്‍ പൂജകളുണ്ടാവും.
ചെര്‍പ്പുളശ്ശേരി: കര്‍ക്കടകവാവുബലിക്ക് കാറല്‍മണ്ണ കാളികടവ് മഹാകാളിക്ഷേത്രത്തില് ഒരുക്കങ്ങള്‍ തുടങ്ങി. ആഗസ്ത് രണ്ടിന് പുലര്‍ച്ചെ അഞ്ചിന് വാവുബലികര്മങ്ങള് ആരംഭിക്കും. വിശേഷാല്‍ പൂജകളും പ്രഭാതഭക്ഷണവുമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തൃക്കടീരി: മൂന്നുമൂര്‍ത്തി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി രണ്ടിന് നടത്തും. പുലര്‍ച്ചെ അഞ്ചുമുതല്‍ ബലിതര്പ്പണമാരംഭിക്കും. വിശേഷാല്‍ പൂജകളും പ്രഭാതഭക്ഷണവുമുണ്ടാകും.
ആലത്തൂര്‍:തൃപ്പാളൂര്‍ ശിവക്ഷേത്രത്തിന് സമീപം ഗായത്രി നദീതീരത്ത് നാളെ പുലര്‍ച്ചെ 4.30 മുതല്‍ പിതൃതര്‍പ്പണം നടക്കും. സാന്ദീപനി സാധനാലയത്തിലെ പ്രവീണ്‍കുമാര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം കൗണ്ടറില്‍നിന്ന് മുന്‍കൂട്ടി കൂപ്പണ്‍ ലഭിക്കും.
തരൂര്‍ എന്‍.എസ്.എസ്. കരയോഗം നാളെ 6 മുതല്‍ തരൂര്‍ ഗായത്രി പുഴയോരം ശ്മശാനത്തിന് സമീപം വാവുബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. വേണുഗോപാല എന്പ്രാന്തിരി കാര്‍മ്മികത്വം വഹിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: