നിലമ്പൂര്‍: വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറുകയാണ് നിലമ്പൂര്‍. പക്ഷേ നിലമ്പൂര്‍ നഗരത്തിലേക്ക് വാഹനങ്ങളുമായി എത്തുന്നവര്‍ കുടുങ്ങും. എവിടെ നോക്കിയാലും നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ മാത്രം. കോഴിക്കോട്-ഗൂഡല്ലൂര്‍ ദേശീയപാതയിലെ നഗരത്തിനാണ് ഈ ദുര്‍വിധി. ദിവസവും ആയിരകണക്കിന് വാഹനങ്ങളെത്തുന്ന നിലമ്പൂരില്‍ ഒരു ബൈക്ക് നിര്‍ത്തിയിടാന്‍ പോലും സ്ഥലമില്ല. ജില്ലാ ആശുപത്രിയും സ്വകാര്യ ആശുപത്രികളും സ്ഥിതി ചെയ്യുന്നത് നഗരത്തിന്റെ ഹൃദയഭാഗത്താണ്. നിരവധി വ്യാപാര സമുച്ചയങ്ങളടക്കമുള്ള നിലമ്പൂരില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തത് പൊതുജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഒരു സീബ്രാലൈന്‍ പോലുമില്ലാത്ത കേരളത്തിലെ ഏക നഗരവും ചിലപ്പോള്‍ നിലമ്പൂരായിരിക്കും. ബൈപ്പാസ് ഇല്ലാത്തതിനാല്‍ എല്ലാ വാഹനങ്ങളും നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സഞ്ചരിക്കുന്നത്. നഗരസഭ അധികൃതര്‍ ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: