മലപ്പുറം: ജില്ലക്ക് അനുവദിച്ച പബ്ലിക്ക് ഹെല്‍ത്ത് ലാബ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാവികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എയാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. സിവില്‍ സ്റ്റേഷനില്‍ ലാബിനായി കെട്ടിടം സജജമായിട്ടുണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 23 ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ പരിശോധനയ്ക്കായി വയനാട് ജില്ലയിലാണ് സാംപിളുകള്‍ നല്‍കുന്നത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്നുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ഡിഫ്തീരിയ പ്രതിരോധ മരുന്നായ റ്റി.ഡി. വാക്സിന് ജില്ലയ്ക്ക് കൂടുതല്‍ ആവശ്യമായി വരുന്നുണ്ട്.ഏഴ് വയസ് വരെയുള്ള എല്ലാവര്ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ കുത്തിവെപ്പ് നല്‍കാനും ഇത്തരത്തില്‍ മൂന്ന് മാസത്തിനകം 100 ശതമാനം കുത്തിവെപ്പ് സാധ്യമാക്കാനും കര്‍മപദ്ധതി തയ്യാറാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ടി.വി. ഇബ്രാ ഹിം എം.എല്‍.എ അവതരിപ്പിച്ച പ്രമേയവും അംഗീകരിച്ചു.
നഗരസഭയുടെ ട്രാഫിക്ക് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കണമെന്നും കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം നഗരസഭയ്ക്ക് വിട്ട് തരണമെന്നുമാവശ്യപ്പെട്ട് മലപ്പുറം നഗരസഭാ ചെയര്പേഴ്സന് സി.എച്ച്. ജമീല അവതരിപ്പിച്ച പ്രമേയവും കൊണ്ടോട്ടി നഗരസഭയില്‍ മാലിന്യനിര്‍മാ ര്‍ജന പ്ലാന്റ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയര്മാന് കെ. നാടിക്കുട്ടി അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു. ചാലിയാര്‍ പദ്ധതിയില്‍ നഗരസഭാ പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ അറ്റകുറ്റപണി നടത്തി ചാലിയാര്‍ ജലം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ തിരഞ്ഞെടുത്ത 392 അങ്കണവാടികളില്‍ സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കുന്നതിന് എം.പി, എം.എല്‍.എ, തദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഫണ്ട് വകയിരുത്തി നടപ്പാക്കാനും തീരുമാനിച്ചു.
പൊതുമരാമത്ത് റോഡുകളുടെ നിര്‍മ്മാണത്തിന് ശേഷം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് മൂലം ഇരു വകുപ്പുകള്ക്കുമുണ്ടാവുന്ന സമയ-ധന നഷ്ടം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധ്യക്ഷന്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: