കാസര്‍കോട്: അതിവേഗ റയില്‍പാത നെറ്റ്വര്ക്കില് കാസര്‍കോടിനെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന് അധ്യക്ഷതവഹിച്ചു.
സംസ്ഥാനത്തെ 1148 കിലോമീറ്റര്‍ റെയില്‍പാത കവര്‍ ചെയ്ത് അതിവേഗ റെയില്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇ. ശ്രീധരന് മുഖ്യ ഉപദേഷ്ടാവായ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷനെയാണു സാധ്യതാ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്. തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാത സ്ഥാപിക്കണമെന്ന് 2011 ഡിസംബറില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് തയ്യാറാക്കിയ എക്സിക്യൂട്ടീവ് സമ്മറിയില്‍ പറയുന്നു. ഇപ്പോള്‍ ഡിഎംആര്‍സി ശുപാര്‍ശ ചെയ്യുന്നത് ആദ്യഘട്ടത്തില്‍ അതിവേഗ റെയില്‍ കണ്ണൂര്‍ വരെ മതിയെന്നാണ്. ഈ ശുപാര്‍ശ അംഗീകരിക്കരുതെന്നും അതിവേഗ റെയില്‍ പാത കാസര്‍കോട് വരെ നീട്ടണമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം രാജഗോപാലന്‍ എംഎല്‍എ അനുവാദകനായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉടന്‍ നികത്തണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രക്തഘടക വിഭജന യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഡെങ്കിപ്പനി മരണങ്ങള് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
ജില്ലയിലെ പൊതുമരാമത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര സര്‍വ്വെ നടത്തണം ദേശീയ പാതയില്‍ കാര്യങ്കോട് പാലം അപകടാവസ്ഥയിലാണ്. എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു പാലങ്ങളുടെ അപകടാവസ്ഥ കൂടി പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് വില്ലേജില്‍ ചാമക്കളം പ്രദേശത്ത് ഭൂപ്രശ്നം പരിഹരിക്കുന്നതിന് റീസര്‍വേ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 1976 ല്‍ കണ്ണൂര്‍ ജില്ലാകളക്ടര്‍ മിച്ചഭൂമിയായി പതിച്ചു നല്കിയ സ്ഥലം അന്നുമുതല്‍ സ്ഥലം ഉടമകളും കുടുംബവും കൈവശം വെച്ച് അനുഭവിച്ചു വരുന്നതാണ്. ഇവരില്‍ 19 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും എട്ട് കുടുംബങ്ങള്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരും ആറു പേര് ഭൂമി കൈവശമുള്ളവരുമാണ്. ഇവരില്‍ പട്ടിക വിഭാഗത്തില്‍ പെട്ട 18 കുടുംബങ്ങള്‍ക്കും ജനറല്‍ വിഭാഗത്തില്‍പെട്ട 6 കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വീട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വനംവകുപ്പുമായി സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കമുള്ളതിനാല്‍ റി സര്‍വ്വെ നടത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശാന്തമ്മഫിലിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അനുവാദകനായിരുന്നു.
മുളിയാര്‍ ആശുപത്രി കെട്ടിടത്തിന്റേയും ഇരിയണ്ണി ഹയര്‍സെക്കണ്ടറിസ്ക്കൂള്‍ കെട്ടിടത്തിന്റേയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന്, കാസര്‍കോട് നഗരസഭാ ചെയര്പേഴ്സന് ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭാ വൈസ് ചെയര്പേഴ്സന് വി ഗൗരി, സബ് കളക്ടര്‍ മൃണ്മയി ജോഷി, എ ഡി എം കെ അംബുജാക്ഷന്, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: