കാസര്‍കോട്: ഇത് റോഡല്ല തോടാണെന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അതിശയോക്തിയില്ല. കാരണം അത്ര ദയനീയമാണ് മജല്‍-ബെദ്രഡ്ക്ക റോഡിന്റെ അവസ്ഥ. എം.പി.ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് ടാര്‍ ചെയ്ത റോഡാണിത്. പൊട്ടിപോളിഞ്ഞ് കാല് നടയാത്ര പോലും സാധിക്കാത്ത വിധത്തിലായിരിക്കുന്നത്. ഈ പ്രദേശത്തെ പ്രായമായവര്‍ക്കും, രോഗികള്‍ക്കും, സ്കൂള്‍ കുട്ടികള്‍ക്കും ഏക ആശ്രയമാണ് ഈ റോഡ്. മോഗ്രാല്‍ പുത്തൂര്‍ യു.പി.സ്കൂള്‍, ജിഎച്ച്എസ്എസ് മൊഗ്രാല്‍ പുത്തൂര്‍, ടെക്നിക്കല്‍ ഹൈസ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വഴിയാണിത്.
മറ്റു പ്രദേശത്തെ പ്രൈവറ്റ് സ്കൂളിലും ഈ പ്രദേശത്തെ കുട്ടികളെത്തി ചേരുന്നത് ഈ ചെളിക്കുഴി താണ്ടിയാണ്. മഴക്കാലമായതോടെ ദിവസവും കുട്ടികള്‍ മുട്ടോളം വെള്ളം നീന്തിയാണ് സ്കൂളിലേക്ക് പോകുന്നത്.
കുട്ടികളെയും വഹിച്ചുള്ള ഓട്ടോ റിക്ഷകള്‍ ആഴത്തിലുള്ള അഞ്ചോളം കുഴികള്‍ ഇറങ്ങിയും, കയറിയും വേണം കുട്ടികളെയും വഹിച്ച് പോകാന്‍. വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യ സംഭവമാണ്.
കാസര്‍കോട് നഗരവുമായി മജല്‍ നിവാസികളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചപ്പോള്‍ അറ്റുകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ പരിഗണയിലാണെന്ന് പറഞ്ഞ് നാട്ടുകാരെ മടക്കി അയക്കുകയാണ് ചെയ്തത്. റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കി പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തണമെന്ന് വാര്‍ഡ് മെമ്പര്‍ പ്രമീള മജന്‍ അധികൃതരോട് ആവശ്യപ്പെട്ടു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോപത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: