പാലക്കാട്: മന്ത്രി വന്ന് സന്ദര്‍ശന നാടകം നടത്തിയിട്ടും വാളയാര്‍ വാണിജ്യ നികുതി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കുറവിനു പരിഹാരമായില്ല. 60 ഉദ്യോഗസ്ഥര്‍ ആവശ്യമായിടത്ത് ആകെയുള്ളത് 48 പേര് മാത്രം. വര്‍ഷങ്ങളായി ഈ ദുരവസ്ഥ തുടരുകയണ്.
ഉദ്യോഗസ്ഥര്‍ പ്രൊമോഷനായി പോകുന്നതും മറ്റുള്ള ചെക് പോസ്റ്റുകളിലേക്കു മാറി പോകുന്നതും കാരണം വാളയാറിലെ വാണിജ്യ നികുതി ചെക് പോസ്റ്റില്‍ കുറവ് അനുഭവപ്പെടുകയാണ്. എല്ലാ കൗണ്ടറുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ചരക്ക് ലോറികളുടെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. അധിക സമയം ജോലി ചെയ്തു കൊണ്ടാണു ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയും പാഴ്സല്‍ ചരക്ക് ലോറികളുടെ പരിശോധന നടത്തുന്നതും. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ചയിലെ ധനമന്ത്രിയുടെ ചെക്പോസ്റ്റ് സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്.
കരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വാളയാര്‍ ചെക്പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ തൂക്കം നോക്കാന്‍ സ്ഥാപിച്ച വേ ബ്രിഡ്ജ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ആര്‍ടിഒ ചെക്പോസ്റ്റിന്റെ കീഴില്‍വരുന്ന മൂന്ന് വേബ്രിഡ്ജുകളുടെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വേബ്രിഡ്ജ് രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നന്നാക്കിയ വേ ബ്രിഡജ് വീണ്ടും പ്രവര്‍ത്തിപ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ രണ്ട് വേ ബ്രിഡ്ജിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയാണ് പരിപാടി.
സര്‍ക്കാര്‍ വേ ബ്രിഡ്ജില്‍ വാഹനങ്ങളുടെ തൂക്കം നോക്കിയാല്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റിയിട്ടുണ്ടെങ്കില്‍ അധിക നികുതി ഈടാക്കണം. ഇവിടെ ക്രമക്കേട് നടത്താനും കഴിയില്ല. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വേ ബ്രിഡ്ജുകളില്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്ന തൂക്കം രേഖപ്പെടുത്തി കൊടുക്കുകയും ഇതുവഴി സര്‍ക്കാരിന് ദിവസേന ലക്ഷങ്ങള്‍ നികുതി നഷ്ടമുണ്ടാകുകയും ചെയ്യുന്നു.
ആര്‍ടിഒ ചെക്പോസ്റ്റ് പരിധിയില്‍ വരുന്ന വേ ബ്രിഡ്ജിന്റെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാണിജ്യനികുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ടുവകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ കുറവും വേ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിന് തടസ്സമാകുന്നു. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വെ ബ്രിഡ്ജില്‍ ജീവനക്കാരുടെ കുറവ്കാരണം സമയം വൈകുന്നതായും പരാതിയുണ്ട്. രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ട് ഷിഫ്റ്റുകളിലായി ഓരോരുത്തര് മതിയാകില്ല. വാഹനം വേ ബ്രിഡ്ജില്‍ കയറിയാല്‍ തൂക്കം നോക്കി മറുവശത്ത് വന്ന് രശീതി കൊടുക്കുമ്പോഴെക്കും സമയം ഏറെ വൈകുന്നു. ചുരുങ്ങിയത് 24 മണിക്കൂറും രണ്ട് ജീവനക്കാര്‍ എന്നനിലയില്‍ നോക്കുന്നതിന് നാല് ജീവനക്കാരെ നിയമിക്കണമെന്നാണ് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: