കല്‍പ്പറ്റ : ജില്ലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ക്ലാസ് ഫോര്‍ തസ്തികളില്‍ 2012മുതല്‍ നടന്ന നിയമങ്ങളിലെ അഴിമതിസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ നിയോഗിച്ച ഏകാംഗ കമ്മീഷന് മരിയാപുരം ശ്രീകുമാര്‍ ഡിസിസി ഓഫീസില്‍ തെളിവെടുപ്പ് നടത്തി. 50ല്‍പരം ആളുകളാണ് കമ്മീഷനു തെളിവ് നല്‍കിയത്. വാക്കാലുള്ള തെളിവുകള്‍ കമ്മീഷന് എഴുതിയെടുത്ത് ഒപ്പിട്ടുവാങ്ങി. നേതാക്കളില്‍ചിലര്‍ ആക്ഷേപങ്ങളും അവയെ സാധൂകരിക്കുന്ന തെളിവുകളും എഴുതിക്കൊടുത്തു.
ബത്തേരിയില്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് പ്രൊഫ.കെ. പി.തോമസ് ചെയര്‍മാനായ സഹകരണ അര്‍ബന്‍ ബാങ്കിലും ഡി.സി.സി മുന്‍ ട്രഷറര്‍ കെ.ഗോപിനാഥന് പ്രസിഡന്റായ സഹകരണ കാര്‍ഷിക വികസന ബാങ്കിലും നിയമനങ്ങളുടെ മറവില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായാണ് ചിലര്‍ നല്കിയ മൊഴിയില്‍. പ്യൂണ്‍, വാച്ച്മാന്, പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികളിലും ക്ലാര്ക്കുമാരുടെഒഴിവുകളില് വളഞ്ഞവഴികളിലൂടെയും നിയമനത്തിനു ബാങ്കുകള്‍ ഭരിക്കുന്നവര്‍ 15ലക്ഷം രൂപമുതല്‍ 25ലക്ഷം രൂപവരെ കോഴ വാങ്ങിയതായാണ് ബത്തേരിയില്‍നിന്നുള്ള ഡിസിസിഭാരവാഹി കമ്മീഷന് മുമ്പാകെ പറഞ്ഞത്. 2012നുശേഷം ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ 17ഉം കാര്ഷി ഗ്രാമവികസനബാങ്കില്‍ 14ഉം നിയമനങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ ബാങ്ക് ഭരണസമിതികള്‍ വന്‍തുക കോഴ നല്കിയവരെയാണ് പരീക്ഷകളില്‍ കൃത്രിമംകാട്ടി നിയമിച്ചതെന്ന് മാനന്തവാടിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കമ്മീഷനു എഴുതിക്കൊടുത്ത പരാതിയിലുണ്ട്. നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് സഹകാരികള്‍ക്കിടയില്‍ ഉയര്‍ന്ന ശക്തമായ രോഷം വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതികള്‍ കൈവിട്ടുപോകുന്നതിനു കാരണമാകുമെന്ന ആശങ്കയും നേതാക്കളില്‍ ചിലര്‍ കമ്മീഷനെ അറിയിച്ചു. ബാങ്കുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കളില്‍ ചിലരോട് തോന്നിയ വിദ്വേഷമാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന്റെ ഭരണനഷ്ടത്തിനു കാരണമായതെന്ന് അവര്‍ കമ്മീഷനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: