കാസര്‍കോട്: തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സൗകര്യമൊരുക്കുന്നതിനുളള പദ്ധതി സെപ്റ്റംബര്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും. പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നാല് താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ എഡിഎം കെ അംബുജാക്ഷന്, ഹോസ്ദുര്‍ഗ്ഗില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്) എച്ച് ദിനേശന്, മഞ്ചേശ്വരത്ത് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ്, വെളളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) പി കെ ജയശ്രീ എന്നിവരെയാണ് ചാര്‍ജ്ജ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുളളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറായിരിക്കും. ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ പഞ്ചായത്ത്തല നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. 15,400 രൂപയാണ് ഒരു ഗുണഭോക്താവിന് കക്കൂസ് നിര്‍മ്മാണത്തിന് അനുവദിക്കുന്നത്. ഇതില്‍ 12,000 രൂപ ജില്ലാ ശുചിത്വമിഷനും 3,400 രൂപ പഞ്ചായത്ത് വിഹിതവുമായി അനുവദിക്കും. ശുചിത്വമിഷന്റെ വിഹിതം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ അതാത് പഞ്ചായത്തുകള്‍ ഈ തുക കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 3500 കക്കൂസുകളുടെ നിര്‍മ്മാണം തുടങ്ങി ഇതില്‍ 800 ഓളം പൂര്‍ത്തീകരിച്ചു. ശുചിമുറി നിര്‍മ്മാണത്തിന് കുടുംബശ്രീ പരിശീലനം നല്‍കും. നിര്‍മ്മിതി കേന്ദ്ര എഞ്ചിനീയര്‍മാരെ ഇതിനായി നിയോഗിക്കും. ബ്ലോക്ക് പരിധിയില്‍ 10 പേര്‍ക്ക് വീതം സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങളും ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സെപ്ററംബര്‍ 15 നകം തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കാനുളള സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: