മലപ്പുറം: സ്വാതന്ത്ര്യദിന പരിപാടികളോടനുബന്ധിച്ചും മറ്റു പരിപാടികളിലും പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്ന ദേശീയ പതാകകളുടെ ഉത്പാദനം, വിതരണം, വില്‍പ്പന, ഉപയോഗം, പ്രദര്‍ശനം എന്നിവ കര്‍ശനമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ദിനാഘോഷ വേളകളില്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ദേശീയ പതാകയുടെ പ്രാധാന്യം, ഉപയോഗം എന്നിവ സംബന്ധിച്ച് ദേശീയ ഫ്ളാഗ് കോഡിലെ മാര്‍ഗദിര്‍ദേശ പ്രകാരം കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ്. വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മിക്കുന്ന ദേശീയ പതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത് ആഘോഷശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വാകാര്യമായി നിര്‍മാര്‍ജനം ചെയ്യണം.
ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ വിശേഷ ദിനങ്ങളില്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ദേശീയ പതാകയുടെ മഹത്വത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്നതും ദി പ്രിവെന്‍ഷന്‍ ഓഫ് ഇന്സല്റ്റ് റ്റു നാഷനല്‍ ഓണര്‍ ആക്റ്റ് 1971 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.
കൂടാതെ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകയുടെ അനിയന്ത്രിത ഉപയോഗം പാരിസ്ഥിതിക നാശത്തിന് കാരണമാക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: