മഞ്ചേരി: വാഗ്ദ്ധാനങ്ങള്‍ നല്കി കബളിപ്പിച്ച അധികൃതര്‍ക്ക് ചുട്ടമറുപടി നല്കാന് ഒരു നാടൊന്നാകെ ഇളകിയെത്തിയപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശരിക്കും വിയര്‍ത്തു. മഞ്ചേരി മുള്ളമ്പാറ ചോഴിയാംകുന്ന് പുലയശ്മശാനത്തിലേക്കുള്ള വഴി യാഥാര്‍ത്ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കഴിഞ്ഞ ദിവസം മരിച്ച കോലാര്‍ക്കുന്ന് വീട്ടില്‍ പരേതനായ കുഞ്ഞന്റെ ഭാര്യ നാടിച്ചി(75)ന്റെ മൃതദ്ദേഹവുമായി മുള്ളമ്പാറ നിവാസികള്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ 10 മണിയോടെ മുള്ളമ്പാറയില്‍ നിന്നും കാല്‍നടയായി നാമജപത്തിന്റെ അകമ്പടിയോടെ ശവമഞ്ചവുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനം. കച്ചേരിപ്പടിയില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ റോഡില്‍ ശവമഞ്ചം ഇറക്കിവെച്ച് നാമജപം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗതാഗത തടസ്സം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും കൂട്ടാക്കിയില്ല. ജില്ലാ കലക്ടര്‍ നേരിട്ടെത്തി പ്രശ്നം പരിഹരിക്കാതെ പിന്മാറില്ലെന്ന വാശിയിലായിരുന്നു നാടിച്ചിയുടെ ബന്ധുക്കളും നാട്ടുകാരും. ഹൈന്ദവ സംഘടനാ നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും പ്രശ്നത്തില്‍ ഇടപെട്ടതോടെ അധികാരികള്‍ മുട്ടുമടക്കി. വെയില് കനത്തപ്പോള്‍ റോഡില്‍ തന്നെ ടാര്‍പ്പായ വലിച്ചുകെട്ടി പന്തലും തീര്‍ത്തു. റോഡില്‍ നിന്ന് മാറിയിരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡിവൈഎസ്പിയും സംഘവും വീണ്ടുമെത്തി. ഉച്ചത്തിലുള്ള നാമജപമായിരുന്നു അതിനുള്ള മറുപടി.
മുള്ളമ്പാറ ചോഴിയാംകുന്ന് പുലയശ്മശാനത്തിലേക്കുള്ള റോഡിന്റെ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ടതിന്. ഒരു കുന്നിന് മുകളിലായാണ് ഈ ശ്മശാനം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡില്‍ നിന്ന് അവിടേക്ക് കയറിപോകാന്‍ ആകെയുള്ളത് അരയടി വീതിയിലുള്ള ഒരു നടവഴിയും. മൃതദ്ദേഹങ്ങളും വഹിച്ച് അതിലെ നടക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഈ വഴിക്ക് ഇരുവശവും താമസിക്കുന്നവര്‍ രണ്ടടി വീതിയില്‍ സ്ഥലം വിട്ടുനല്‍കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. അതില്‍ ഒരാള്‍ ഭൂമി വിട്ടുനല്‍കാന്‍ ഒരുക്കവുമാണ്. ഭൂമി നല്കാന് തയ്യാറല്ലാത്ത ആളില്‍ നിന്നും ഭൂമി വിലക്കുവാങ്ങി വഴി യാഥാര്‍ത്ഥ്യമാക്കാമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് മുമ്പ് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ഇന്നുവരെ ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
2013 മെയ് 24ന് ചെറുകാട് വേണുഗോപാലന്‍ എന്നയാള്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദ്ദേഹവുമായി നാട്ടുകാര്‍ മഞ്ചേരി-പൂക്കോട്ടൂര്‍ റോഡ് ഉപരോധിച്ചിരുന്നു. ആറ് മാസത്തിനകം വഴി നിര്‍മ്മിച്ചുനല്‍കാമെന്നാണ് അധികൃതര്‍ അന്ന് പറഞ്ഞത്. വീണ്ടും 2014 മാര്‍ച്ച് 10ന് കക്കാട്ടുകുന്ന് കോളനിയിലെ രാധാകൃഷ്ണന് മരിച്ചപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്ന് സമരം ശക്തമായ പശ്ചാത്തലത്തില്‍ പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വഴിയുടെ വീതിക്കൂട്ടി ഏഴ് അടിയാക്കാമെന്ന് ഉറപ്പുനല്‍കി. നഗരസഭ ഇതിലേക്കായി 180000 രൂപ അനുവദിക്കുകയും ചെയ്തു. റവന്യൂ വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ വഴി നിര്‍മ്മിക്കാമെന്ന് നഗരസഭയും അറിയിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഇങ്ങനെ നിരന്തരം കബളിക്കപ്പെട്ടതിനാലാണ് മൃതദ്ദേഹവുമായി താലൂക്ക് ഓഫീസ് ഉപരോധിക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായത്.
ഇന്നലത്തെ സമരത്തെ തുടര്‍ന്ന് മഞ്ചേരി-മലപ്പുറം റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പോലീസും തഹില്ദാറും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. അവസാനം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്ക് സ്ഥലത്തെത്തി ബന്ധുക്കളോടും ഹൈന്ദവ സംഘടനാ നേതാക്കളോടും ചര്‍ച്ച നടത്തി. പത്ത് ദിവത്തിനകം ഒരു തീരുമാനമെടുക്കുമെന്നും മൂന്നുമാസത്തിനുളളില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്നും ഉറപ്പു ലഭിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സബ് കലക്ടര്‍ ജാഫര്‍ മാലിക്, വില്ലേജ് ഓഫീസര്‍ കെ.വി.രാജേഷ്കുമാര്‍, തഹിസില്‍ദാര്‍ പി.സുരേഷ്, ഡിവൈഎസ്പി ബാലന്, നഗരസഭ ചെയര്‍പേഴ്സണ്‍ വി.സുബൈദ, കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് മഞ്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: