കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മുന്നിലെ മരം മുറിക്കുന്നതിനെതിരെ യുവാവ് നടത്തിയ പ്രതിഷേധം ആശുപത്രി പരിസരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. മരത്തിന് മുകളില്‍ കയറി നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് താഴെയിറക്കിയത്. പുത്തൂര്‍ വയല്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ നാലകത്ത് വീട്ടില്‍ അബ്ദുല്‍ ബഷീറെന്ന ബഷീര്‍ ആനന്ദ് ജോണാണ് മരത്തിന് മുകളില്‍ പ്രതിഷേധവുമായി കയറിയത്. രാവിലെ 10.15ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി കോമ്പൗണ്ടിലെ ഭീഷണിയായി നില്ക്കുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ച് മാറ്റാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ മരംമുറി ആരംഭിച്ചത്. രാവിലെ ഒന്‍പതോടെ മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റിത്തുടങ്ങിയിരുന്നു. 10.15ഓടെ മരംമുറിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ അബ്ദുല്‍ ബഷീര്‍ പ്രതിഷേധ സൂചകമായി മരത്തില്‍ കയറി നിലയുറപ്പിച്ചു. ഇതോടെ സംഭവം നഗരത്തില്‍ മുഴുവന്‍ വാര്‍ത്തയായി. നൂറുകണക്കിന് ആളുകളാണ് ഇതോടെ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. മരത്തിന് മുകളില്‍ കയറി ബഷീര്‍ മരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തന്റെ പ്രതിഷേധത്തെ കുറിച്ചും ഏറെനേരം സംസാരിച്ചു. ഇതിന് മുന്‍പെ സംഭവമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. എസ്.ഐയും സംഘവും നിരവധി തവണ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സ്രെകട്ടറി വി ഹാരിസിന്റെ നേതൃത്വത്തിലും അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. സി.കെ ശശീന്ദ്രന് എം.എല്‍.എ പ്രതിഷേധക്കാരനെ ഫോണില്‍ വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാമെന്നും വൈകിട്ട് മൂന്നിന് ചര്‍ച്ച നടത്താമെന്നും അറിയിച്ചു. ഇതെല്ലാം അംഗീകരിച്ചെങ്കിലും ബഷീര്‍ താഴെയിറങ്ങാന്‍ തയ്യാറായില്ല. ജില്ലയില്‍ മരംമുറിക്കുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങിയ ഒരു കൂട്ടായ്മക്ക് രൂപം നല്‍കണമെന്നും അവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം മരംമുറി നടത്തണമെന്നുമായിരുന്നു ഇയാളുടെ അടുത്ത ആവശ്യം. ഇതിനിടെ കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കോണി ഉപയോഗിച്ച് ബഷീറിനെ താഴെയിറക്കാന്‍ ഒരു വിഫലശ്രമം നടത്തി. കോണി വച്ചതോടെ ഇയാള്‍ മരത്തിന്റെ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കോണി മാറ്റി. പിന്നീട് എങ്ങിനെയെങ്കിലും താഴെയിറക്കാനുള്ള അനുരഞ്ജന ശ്രമങ്ങളായി. ഇതിനിടെ നാട്ടുകാരില്‍ പലരും പ്രകോപിതരായി. നാട്ടുകാരുടെ ഭീഷണി കൂടിയായതോടെ ബഷീര്‍ മരത്തില്‍ത്തന്നെ ഇരുപ്പുറപ്പിച്ചു. പിന്നീട് യുവ ജനതാദള്‍ എസ് നേതാവ് റഹീസ് മുണ്ടേരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബഷീറിനെതിരെ പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയില്‍ ്രപവര്ത്തിച്ചതിന് കേസുമെടുത്ത് ആള് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: