കൊട്ടാരക്കര: മകളുടെ ആണ്‍സുഹൃത്തിനെ കാറിടിപ്പിച്ചിട്ട ശേഷം അമ്മയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
ചെങ്ങമനാട് ആരോമ ജംഗ്ഷന് സമീപമാണ് ഇന്നലെ രാവിലെ 10.30ന് മകളുടെ ആണ്‍ സുഹൃത്തിനെ കാര്‍ തട്ടിവീഴ്‌ത്തിയ ശേഷം അമ്മയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കൗമാരക്കാരിയായ മകളുടെ കാമുകനായ യുവാവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
കിഴക്കേത്തെരുവില്‍ നിന്നും ചെങ്ങമനാട് ഭാഗത്തേക്ക് ബൈക്കില്‍ പോയ യുവാവിനെയാണ് കാര്‍ തട്ടിവീഴ്‌ത്തിയത്. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന്‍ അരിഞ്ഞാണി വീട്ടില്‍ മാത്യുവിന്റെ മകന്‍ പോള്‍ മാത്യു (19) വിനാണ് പരിക്കേറ്റത്.
പുനലൂര്‍ സ്വദേശിനി സൂസന്‍ ഏബ്രഹാം, മകന്‍ അഭയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബൈക്ക് ഇടിച്ച് വീഴത്തിയശേഷം കാറിലെത്തിയ യുവതിയും യുവാവും ചേര്‍ന്ന് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
യുവാവിനെ ആക്രമിച്ച അമ്മയേയും മകനേയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പോള്‍ മാത്യു സൂസന്‍ ഏബ്രഹാമിന്റെ മകളെ നിരന്തരം ശല്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമത്രെ. പോള്‍ മാത്യു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
















