പെരിന്തല്‍മണ്ണ: കാര്യാവട്ടം അലനല്ലൂര്‍ പാതയില്‍ വെട്ടത്തൂര്‍ പൂങ്കാവനം പരിസര റോഡിലൂടെ ജീവന് പണയം വെച്ചാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഇവിടെ റോഡിന് സംരക്ഷണ ഭിത്തികളില്ലാത്തതും അപായ ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കുത്തനെയുള്ള ഇറക്കത്തിലെ വളവില്‍ കാടുമൂടിയതിനാല്‍ മറുഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെയോ കാല്‍നട യാത്രക്കാരെയോ കാണാന്‍ കഴിയില്ല. വന്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഇടപെടുയെന്ന വാശിയിലാണ് അധിക്യതര്‍.
ദിവസങ്ങള്‍ക്ക് മുമ്പ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ഇതിന് മുമ്പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുെണ്ടങ്കിലും നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ല. കഴിഞ്ഞ വര്‍ഷം വെട്ടത്തൂര്‍ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ബൈക്കിടിച്ച് പരിക്കേല്‍ക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയും ചെയ്തിരുന്നു.
വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്ന റോഡാണിത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതും പതിവായിരുന്നു. മാലിന്യം തള്ളുന്നവരുടെ എണ്ണം പ്രതിദിനം കൂടിയപ്പോള്‍ അതിനെതിരെ ബോര്‍ഡ് സ്ഥാപിക്കാന്‍ അധിക്യതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ അപകട ഭീഷണിയുള്ളതായി ഒരു ചെറിയ ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
അപകടങ്ങള്‍ പതിയിരിക്കുന്ന വളവില്‍ എത്രയും വേഗം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടിനെ നടുക്കിയ തേലക്കാട് ബസപകടത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണ് വെട്ടത്തൂര്‍. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും വന്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: