പാലക്കാട്: കുഴല്‍മന്ദം ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി (39) യുടെ കൊലപാതകത്തില്‍ പിതൃസഹോദരിയുടെ പുത്രന് അറസ്റ്റിലായി. ചിതലി കല്ലേംകോണം ചെന്താമര( 42) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതിയുടെ മൃതദേഹം പൊള്ളാച്ചിയ്ക്കടുത്ത് വളന്തായ്മരം ദിവാന്‍സ് പുതുര്‍ ആലംകടവില് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും ചാക്കില്‍ കെട്ടി അഴുകിയ നിലയില്‍ ചൊവ്വാഴ്ച കണ്ടെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ജൂലൈ 14 മുതലാണ് പ്രീതിയെ കാണാതായത്.സംഭവ ദിവസം രാവിലെ പത്തരയോടെ ചെന്താമര പ്രീതിയുടെ വീട്ടിലെത്തി. ഇരുവരും അകത്ത് സംസാരിച്ചിരിക്കുന്നതിനിടെ പുതുതായി ആരംഭിക്കാന്‍ പോകുന്ന റെഡിമെയ്ഡ് ബിസിനസിനെക്കുറിച്ചും അതിന് പണം ആവശ്യമുണ്ടെന്നും ചെന്താമര പറഞ്ഞു. ഈ സമയം ചായ ഉണ്ടാക്കുന്നതിനായി അടുക്കളയിലേക്ക് പോയ പ്രീതിയുടെ പിന്നാലെ ചെന്താമര പോകുകയും അവരെ കയറി പിടിക്കുകയും പിടിവലിയ്ക്കിടയില്‍ നിലത്ത് വീണ് പ്രീതിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. വീട്ടില്‍ നിന്ന് ലഭിച്ച കയറുപയോഗിച്ച് കഴുത്തിത്തില്‍ മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്കൂട്ടറില്‍ തന്നെ സൂക്ഷിച്ചിരുന്ന വലിയ പ്ലാസ്റ്റിക് ചാക്കിലാക്കി സ്കൂട്ടറിന്റെ മുന്‍ ഭാഗത്ത് വെച്ചു കൊണ്ടുപോയി ദിവാന്‍സ് പുതുര്‍ ആലംകടവ് എന്ന സ്ഥലത്തെ മാലിന്യ കൂമ്പാരത്തില്‍ തള്ളുകയാണ് ചെയ്തത്.
കൊലപാതകത്തിനു ശേഷം പ്രീതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും എടുത്തു കൊണ്ട് പോകുകയും ചെയ്തു. വൈകുന്നേരം അഞ്ചേമുക്കാലോടെ വീട്ടിലെത്തി കുടുംബക്കാരൊടൊപ്പം തിരച്ചിലില്‍ ഏര്‍പ്പെടുകയും ചെയ്തു.
കവര്‍ച്ച നടത്തിയ കുറെ അഭരണങ്ങള്‍ പണയപ്പെടുത്തിയിരുന്നു.ബക്കിയുള്ളവ ചെന്താമരയുടെ വീടിന്റെ പിന്നിലുളള തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ടിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. പ്രതിയില്‍ സംശയം തോന്നിയ പോലീസ് ശാസ്ത്രീയമായാണ് അന്വേഷണം നടത്തിയത്. സംഭവ ദിവസം താന്‍ പെണ്‍സുഹൃത്തുമായി പൊള്ളാച്ചിയിലേക്ക് പോയിരുന്നതായി പോലീസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് മനസിലാക്കിയ പോലീസ് ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇയാള്‍ ഒറ്റയ്ക്കാണ് പോയതെന്ന് കണ്ടെത്തുകയും ചെയ്തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പ്രീതിയുടെ കൊലപാതക ശേഷം വീടിനുള്ളില്‍ ചുമരില്‍ നിന്നും പെഡസ്റ്റല്‍ ഫാനില്‍ നിന്നും ലഭിച്ച രക്തത്തിന്റെ സാമ്പിളും പോലീസിന് അന്വേഷണത്തിന് സഹായമായി. വീട്ടില്‍ നിന്നും പ്രീതി ധരിച്ചിരുന്ന നൈറ്റി ഒഴികെ മറ്റ് വസ്ത്രങ്ങളൊന്നും നഷ്ടപ്പെടാതിരുന്നതും അന്വേഷണത്തില്‍ വഴിത്തിരിവായി .
ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണം ആലത്തൂര്‍ ഡിവൈഎസ്പിയുടെ ചുമതലയുള്ള വിഎസ്കാസീം, കൊല്ലങ്കോട് സിഐസലീഷ് എന്‍.ശങ്കരന്, എസ്ഐ എ.പ്രതാപ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജലീല്‍, പി.എസ്.ജോണ്‍സണ്‍ലോബോ, വി.ജയകുമാര്‍, പി.വി.ജേക്കബ്ബ്, ടി.ആര്.സുനില്‍കുമാര്‍, എം.വി.അനൂപ്, സി.എസ്.സാജിദ്, എം.എ.സജി, ബി.നസീറലി, രാമസ്വാമി, ആര്.കെ.കൃഷ്ണദാസ്, കെ.അഹമ്മദ് കബീര്‍, ആര്.വിനീഷ്, ആര്. രജീദ്, പ്രശാന്ത് കുമാര്‍, കെ.എ.അശോക് കുമാര്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മതദേഹം ഇന്‍ക്വസ്റ്റ് നടത്തി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം കുഴല്‍മന്ദം ശ്മശാനത്തില്‍ സംസ്കരിച്ചു. കുഴല്‍മന്ദം കൊഴിഞ്ഞം പറമ്പില്‍ പഴനിമല-സുഭദ്ര ദമ്പതികളുടെ മകളാണ് പ്രീതി. രാധാകൃഷ്ണന്, ജയപ്രകാശന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: