പത്തനാപുരം: എഐവൈഎഫ് പ്രവര്‍ത്തകനെ സിപി എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതായി പരാതി. എഐവൈഎഫ് പുനലൂര്‍ വെസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി രഞ്ചിത്ത് തോമസിനാണ് മര്‍ദ്ദനമേറ്റത്. ഇതോടെ കഴിഞ്ഞ പഞ്ചായത്ത് സമിതിയില്‍ തുടങ്ങിയ സിപിഎം-സിപിഐ സംഘര്‍ഷം വിളക്കുടിയില്‍ വീണ്ടും സജീവമാകുകയാണ്.
വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന്റെയും സിപിഎം നേതാവ് റെജിമോന്റെയും നേതൃത്വത്തിലുള്ള സംഘം വഴിമധ്യേ വച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐവൈഎഫ് നേതാവിന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പുനലൂര്‍ എസ്എന്‍ കോളെജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുപിന്നാലെയാണ് രഞ്ചിത്ത് തോമസിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ എഐവൈഎഫ് പുനലൂര്‍, കുന്നിക്കോട് സിപിഐ മണ്ഡലം കമ്മിറ്റികളില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ പ്രസിഡന്റിനെതിരെ വിളക്കുടിയില്‍ വ്യാപകമായി എഐവൈഎഫ് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും പോസ്റ്റര്‍ പതിച്ചതില്‍ സിപിഎമ്മിനോ സിപിഐയ്‌ക്കോ പങ്കില്ലെന്നും വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന്‍ പറഞ്ഞു.
















