നടവയല്‍ : പനമരംപഞ്ചായത്ത് ഏഴാംവാര്‍ഡിലെ പാടിക്കുന്ന്-ചീരവയല്‍ റോഡ് തകര്‍ന്നതുമൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍. മാനന്തവാടി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍വരുന്ന ഈ റോഡ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ടുഘട്ടമായി സോളിംഗ് നടത്തിയിരുന്നു. ഇതുവരെ ടാര്ചെയ്തിട്ടില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡിന്റെ സോളിംഗ് തകര്‍ന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ വരാന്‍ മടിക്കുകയാണ്. നടവയല്‍ ടൗണില്‍നിന്ന് ഓട്ടോറിക്ഷ വിളിച്ചാല്‍ വരാത്ത സ്ഥിതിയാണ്. രൂക്ഷമായ വന്യമൃഗശല്യമുള്ള പ്രദേശമാണ് ചീരവയല്കുന്ന്. രാത്രിയായാല്‍ കാട്ടാനക്കൂട്ടം തോട്ടങ്ങളിലേക്കിറങ്ങും. ഇവിടെയുളള നിരവധികര്ഷകരുടെ വിളക ള്‍ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് കയറി വസ്തുവകകള്‍ നശിപ്പിക്കാന്‍ പോലും കാട്ടാനക്കൂട്ടം മടിക്കാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇതിനിടക്കാണ് റോഡിന്റെ തകര്‍ച്ചയും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഒ.ആര്.കേളു എ ംഎല്എക്ക് നിവേദനംനല്കി.
സന്ധ്യയോടെ കാട്ടാനക്കൂട്ടം ചീരവയല്‍ കുന്നിലെ കൃഷിയിടങ്ങളിലെത്തും. റോഡരുകിലും കാട്ടാനകളുണ്ടാവും. കാട്ടാനകളെ കണ്ടുമുട്ടിയാല്‍ വേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപെടാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പലപ്പോഴും ആളുകള്‍ തലമുടിനാരിഴക്കാണ് രക്ഷപെട്ടത്. റോഡിന്റെ തകര്‍ച്ചയും വന്യമൃഗശല്യവും കാരണം ഈ പ്രദേശത്തുള്ളവര്‍ക്ക് രാത്രിയില്‍ എന്തെങ്കിലും അസുഖംവന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. റോഡിന്റെ തകര്‍ച്ചയും വന്യമൃഗശല്യവുംകാരണം ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ചീരവയല്‍ പ്രദേശവാസികളില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. റോഡിന്റെ തകര്‍ച്ച കാരണം ഗുഡ്സ്വാഹനങ്ങള് ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. റോഡ് തകര്‍ന്നതിനാല്‍ ചീരവയല്‍ പാടശേഖരവും തരിശായി കിടക്കുകയാണ്. റോഡ് നന്നാക്കിയാല്‍ വയലിലേക്ക് യന്ത്രങ്ങളിറക്കി നെല്‍കൃഷി നടത്താന്‍ കഴിയും. ഏകദേശം 15 ഏക്കറോളം വയലാണ് തരിശായി കിടക്കുന്നത്. നിലവില്‍ ഏകദേശം 300 മീറ്ററിലധികം ദൂരം തലച്ചുമടായിട്ടുവേണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാഹനത്തിലെത്തിക്കാന്‍. റോഡ് നന്നാക്കിയാല്‍ വയലരികു വരെ വാഹനങ്ങളെത്തും.
പനമരം- നടവയല്‍ റോഡില്‍ നിന്ന് 800 മീറ്ററോളം ദൈര്‍ഘ്യമുള്ള ഈ സോളിംഗ് റോഡ് ചീരവയല്‍ വയല്ശേഖരത്തിലാണ് ചെന്നു ചേരുന്നത്. ഈ വയലിനോട്ചേര്ന്നാണ് നരസിപുഴ ഒഴുകുന്നത്. ഇതിനോട് തൊട്ടുചേര്‍ന്ന് നെയ്ക്കുപ്പ വനവും സ്ഥിതി ചെയ്യുന്നത്. ഏഴാം വാര്‍ഡില്‍ പാടിക്കുന്ന് -ചീരവയല്‍ റോഡ് മാത്രമേ ഇനി ടാര്‍ ചെയ്യാന്‍ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാ റോഡുകളും ഭാഗീകമായിയെങ്കിലും ടാറിംഗ് നടത്തിയിട്ടുണ്ട്. നരസിപുഴയുടെതീരത്ത് ആദിവാസി കോളനിയുണ്ട്.
പാടിക്കുന്ന് ഊരാളി ആദിവാസി കോളനിയിലുള്ളവരുടെ ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. പാടിക്കുന്ന് കോളനിയിലെ ആദിവാസികള്‍ പുഴയരികിലുള്ള ഈകോളനിയുമായി ബന്ധപ്പെടാനും ചീരവയല്‍ റോഡിനെ ആശ്രയിക്കുന്നുണ്ട്. ഇതുകൂടാതെ പാടിക്കുന്ന് ആദിവാസി കോളനിക്കാര്‍ ഉപജീവനവുമായി ബന്ധപ്പെട്ട് ചീരവയല്പാടശേഖരം, നരസിപുഴ, നെയ്ക്കുപ്പ വനം എന്നിവയുമായി ബന്ധപ്പെടാന്‍ ആശ്രയിക്കുന്നതും പാടിക്കുന്ന്-ചീരവയല്‍ റോഡിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: